മാള: മാളചാലിൽ മാലിന്യം തള്ളിയതോടെ മത്സ്യങ്ങൾ ചത്ത് പൊങ്ങി. ദുർഗന്ധം രൂക്ഷമായതോടെ നാട്ടുകാർ തടയണ തുറന്ന് വിട്ടു. കഴിഞ്ഞ ദിവസം വെള്ളത്തിന് നിറമാറ്റം കണ്ടുതുടങ്ങിയിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ഭാഗത്തുള്ള ബണ്ട് തുറക്കാതിരുന്നത് കാരണമാണ് മലിനജലം കെട്ടിക്കിടന്നതെന്ന് പരാതിയുണ്ട്. അടുത്തിടെ മാളചാലിൽ ശുചിമുറി മാലിന്യം അടക്കം തള്ളിയിരുന്നു. മാളചാലിൽ പരാതികൾ നൽകിയിട്ടും നടപടികൾ എടുക്കാൻ അധികൃതർ അറച്ചുനിൽക്കുന്നതായി പരാതിയുണ്ട്. വെള്ളത്തിന് നിറമാറ്റം കണ്ടുതുടങ്ങിയതിന് പിറകെ ചാലിൽ മത്സ്യങ്ങൾ ചത്തുപൊന്തുകയായിരുന്നു. ചാലിന് സമീപ ഭാഗത്തുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കി. വഴിയാത്രക്കാർക്ക് മൂക്കുപൊത്താതെ യാത്ര ചെയ്യാൻ സാധിക്കാതെയായി. കരാറുകാരൻ ബണ്ട് തുറക്കാൻ വൈകിയതോടെയാണ് നാട്ടുകാരും ജനപ്രതിനിധികളും ഒത്തുചേർന്ന് മലിനജലം തുറന്നുകളഞ്ഞത്. തടയണയുടെ മൂന്നിൽ ഒരു ഭാഗം മാത്രമാണ് തുറന്നതെന്നും പൂർണമായി തുറന്ന് മലിനജലം ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മാള പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരൻ, പഞ്ചായത്തംഗങ്ങളായ ബിജു ഉർമീസ്, വർഗീസ് വടക്കൻ, ടി.എസ്. ശ്രീജിത്ത് എന്നിവർ സ്ഥലത്തെത്തി. സലാം ചൊവ്വര, ബാവ എടാകൂടം, സാദിഖ് ഇസ്മായിൽ, അക്ബർ ആലങ്ങാട്ടുകാരൻ, ഉമ്മർ, നിയാസ് ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.