പാരമ്പര്യം വിടാതെ ദ്വീപുകാർ

വിശ്വാസം ജീവിതത്തി​െൻറ ഭാഗമായി കാണുന്നവരാണ് ലക്ഷദ്വീപുകാർ. വാർത്താവിനിമയ വിദ്യകൾ ദ്വീപിലേക്കെത്തിയിട്ടും അവരുടെ മാസപ്പിറവി കാണൽ പണ്ടത്തെ പോലെ തന്നെയാണ്. നോമ്പ് തുടങ്ങാനും അവസാനിക്കാനും ആകാശത്ത് പിറ കാണണമെന്നത് നിർബന്ധം. പരമ്പരാഗതമായി കിട്ടിയ കൂക്കി വിളിയാണ് മറ്റൊരു പ്രത്യേകത. പുറം ലോകത്തേക്ക് ചരക്കുമായും തിരികെയും വരുന്ന ഓടങ്ങൾ ദൃശ്യമാകുമ്പോഴും കൂക്കിവിളിച്ചാണ് അറിയിക്കുന്നത്. ഐശ്വര്യപൂർണമായ ഒരു സുദിനത്തി​െൻറ വരവ്‌ അറിയിക്കുന്നതും ഇത്തരം കൂക്കി വിളികളുമായാണ്. റമദാന്‍ മുപ്പതു ദിവസവും പുലർച്ചെ മൂന്നു മുതൽ നാലു വരെ ദഫ്മുട്ടി ആളുകളെ ഉണര്‍ത്തുന്ന 'അത്താഴം വിളി'ക്കാര്‍ മറ്റൊരു സവിശേഷതയാണ്. ദ്വീപുകള്‍ തമ്മിൽ പരസ്പരം കാണാത്തത്ര അകലമുള്ളത് കൊണ്ട് ഓരോയിടത്തേയും ആഘോഷങ്ങളിൽ വ്യത്യാസങ്ങളുണ്ട്. ഏതെങ്കിലും ഒരു ദ്വീപിലെ ചന്ദ്രപ്പിറവിയെ ആശ്രയിച്ചല്ല മറ്റു ദ്വീപുകളിലെ നോമ്പ്. എല്ലായിടത്തും മാസപ്പിറവി ദൃശ്യമാകണം. ആഘോഷങ്ങളിലും ആചാരങ്ങളിലും ഓരോ ദ്വീപുകാരും അവരവരുടെ തനിമ നിലനിർത്തും. മറ്റ് ദ്വീപുകളിൽ നിന്ന് അന്ത്രോത്തിനെ വ്യത്യസ്തമാക്കുന്നത് അതിഥി സൽക്കാരത്തിെല പ്രിയം കൊണ്ടാണ്. വ്രതനിഷ്ഠാനത്തി​െൻറ നാളുകൾ കഴിഞ്ഞ് പെരുന്നാൾ പിറ കാണുന്നതോടെ ദ്വീപു ആഘോഷത്തിൽ നിറയും. നാലു ദിവസത്തോളം ആഘോഷം നീണ്ടു നിൽക്കുമെന്ന പ്രത്യേകതയുമുണ്ട്. പെരുന്നാൾ ഉറപ്പിച്ചാൽ രാത്രി മുതൽ ബന്ധുവീട് സന്ദർശനം തുടങ്ങും. കുട്ടികള്‍ തക്ബീർ സംഘങ്ങളായി നാടുചുറ്റും. പള്ളികളില്‍ നിലക്കാത്ത ദിക്റുകളും മൗലൂദും റാത്തീബും. ഒരുമയുടെ ഒറ്റപ്പാത്രത്തില്‍ നിന്ന് ഒന്നിച്ചിരുന്നുള്ള 'ചീര്ണി'കഴിച്ചാണ് എല്ലാവരും പിരിയുക. പെരുന്നാളാഘോഷത്തി​െൻറ നാട്ടുതനിമയ്ക്ക് ഒരു കോട്ടവും തട്ടാതിരിക്കാൻ ദ്വീപു നിവാസികൾക്ക് കഴിയുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.