' മാള: കെ. കരുണാകരൻ സ്മാരക സർക്കാർ ആശുപത്രിയുടെ മാനേജ്മെൻറ് കമ്മിറ്റി യോഗത്തിൽനിന്ന് സൂപ്രണ്ട് ഡോ. ആശാ സേവ്യർ ഇറങ്ങിപ്പോയ സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിള്ളി. അധികാരികൾക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന എച്ച്.എം.സി യോഗത്തിലാണ് സംഭവം. വനിതകൾക്ക് നടത്തിയ അർബുദ രോഗനിർണയ ക്യാമ്പിൽ അഴിമതി നടത്തിയതായി നാല് പഞ്ചായത്തംഗങ്ങൾ വാർത്ത സമ്മേളനം നടത്തിയിരുന്നു. വിഷയം ചർച്ചക്കെടുത്തപ്പോഴാണ് സൂപ്രണ്ട് ഇറങ്ങിപ്പോയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിള്ളി മെഡിക്കൽ ക്യാമ്പിനെകുറിച്ച് ലഭിച്ച പരാതിയുടെ വിശദാംശങ്ങൾ ചോദിക്കുകയായിരുന്നു. ഇതോടെ സൂപ്രണ്ട് ക്ഷുഭിതയായി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയെന്ന് അംഗങ്ങൾ പറയുന്നു. സൂപ്രണ്ട് ഇല്ലാതെയാണ് പിന്നീട് യോഗം നടത്തിയത്. വിഷയത്തിൽ ആരോഗ്യമന്ത്രി, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകാൻ യോഗം തീരുമാനിച്ചു. എച്ച്.എം.സി യോഗത്തിൽ ബ്ലോക്ക് പ്രസിഡൻറ് ഉൾപ്പെടെ അധിക്ഷേപിക്കാൻ ശ്രമം നടത്തിയിരുന്നെന്നും ഇത് സഹിക്കാതായപ്പോഴാണ് ഇറങ്ങിപ്പോയതെന്നും സൂപ്രണ്ട് ഡോ. ആശ സേവ്യർ പറഞ്ഞു. മെഡിക്കൽ ക്യാമ്പ് നടത്തിയത് മാള പഞ്ചായത്ത് തുക ഉപയോഗിച്ചാണ്. ഇത് സംബന്ധിച്ച പരാതികൾക്ക് പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുളളവർക്ക് വിശദീകരണം നൽകിയിട്ടുണ്ട്. അപകീർത്തിപ്പെടുത്താൻ വേണ്ടിയാണ് എച്ച്.എം.സി യോഗത്തിൽ വിഷയം ചർച്ചക്ക് എടുത്തതെന്നും ഡോക്ടർ പറഞ്ഞു. മേയിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആശുപത്രിയിൽ അർബുദ നിർണയ ക്യാമ്പ് നടത്തിയിരുന്നു. അര ലക്ഷം ചെലവാക്കി നടത്തിയ ക്യാമ്പ് ആരേയും അറിയിക്കാതെ നടത്തിയതായി പഞ്ചായത്തംഗങ്ങൾ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.