തൃശൂർ: ചേർപ്പ് സി.എൻ.എൻ സ്കൂളിൽ അധ്യാപകരുടെ കാൽകഴുകി പൂജിച്ചതിനെതിരെ എ.െഎ.എസ്.എഫ്, കെ.എസ്.യു, ഡി.വൈ.എഫ്.െഎ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. വിഷയത്തിൽ ഡി.വൈ.എഫ്.െഎയും എ.െഎ.എസ്.എഫും കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, ബാലാവകാശ കമീഷൻ, ജില്ല വിദ്യാഭ്യാസ മേധാവി എന്നിവർക്ക് പരാതി നൽകി. മുസ്ലിം വിദ്യാർഥികൾ പാദപൂജ ചെയ്യുന്ന ഫോട്ടോ പ്രചരിപ്പിച്ചുകൊണ്ട് ആർ.എസ്.എസ് രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിയൊരുക്കുകയാണെന്ന് കെ.എസ്.യു മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ല പ്രസിഡൻറ് മിഥുൻ മോഹൻ പറഞ്ഞു. മതനിരപേക്ഷവും ജനാധിപത്യവും അഭ്യസിക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതപഠനകേന്ദ്രങ്ങളും വർഗീയ ആശയപ്രചാരണകേന്ദ്രങ്ങളും ആക്കാനുള്ള സംഘടിത നീക്കത്തെ ചെറുത്തുതോൽപ്പിക്കണമെന്ന് എസ്.എഫ്.െഎ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മതനിരപേക്ഷത തകർക്കുന്ന സംഘ്പരിവാർ അജണ്ട തിരിച്ചറിയണം. വിദ്യാലയങ്ങളെ കാവി പുതപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ചേർപ്പ് സി.എൻ.എൻ സ്കൂളിലേക്ക് മാർച്ച് നടത്തുമെന്നും ജില്ല സെക്രട്ടറി സി.എസ്. സംഗീത് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.