നഗരസഭ വൈദ്യുതി വിഭാഗത്തിലെ നിയമന ക്രമക്കേട്​ അന്വേഷിക്കുന്നു

തൃശൂർ: നഗരസഭയിൽ വൈദ്യുതി വിഭാഗത്തിൽ ജൂനിയർ അസിസ്റ്റൻറ് തസ്തികയിലേക്ക് നടത്തിയ താൽക്കാലിക നിയമനത്തിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്തെ നിയമനങ്ങളാണ് നഗരകാര്യ ഭരണവിഭാഗം ജോ.ഡയറക്ടർ ബി.കെ. ബൽരാജ് അന്വേഷിക്കുന്നത്. 2014 മുതൽ 2016വരെ നടത്തിയ താൽക്കാലിക നിയമനങ്ങൾ അേന്വഷിക്കാനാണ് ഗവർണറുടെ ഉത്തരവ്. ഒഴിവുകൾ യഥാസമയം നഗരകാര്യ ഡയറക്ടറെ അറിയിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഇതുസംബന്ധിച്ച് നേരത്തെ വിജിലൻസ് അന്വേഷണം നടത്തി അന്നത്തെ അസി. സെക്രട്ടറി എസ്. ജയകുമാറിനെതിരെ കടുത്ത ശിക്ഷനടപടികൾക്ക് ശിപാർശ നൽകിയിരുന്നു. നേരിട്ട് നിയമനം നടത്തുന്നതിന് പരസ്യം നൽകി ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ സ്വീകരിച്ചില്ലെന്നതാണ് പരാതിയുടെ അടിസ്ഥാനം. ചില പ്രത്യേക വ്യക്തികൾക്ക് മാത്രം നിയമനം നൽകിയതായും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽപോലും റിപ്പോർട്ട് ചെയ്യാതെയാണ് താൽകാലിക നിയമനത്തിന് തിരക്കിട്ട് നടപടികൾ സ്വീകരിച്ചത്. സംവരണ തത്ത്വങ്ങൾ പാലിക്കാതെയാണ് നിയമനം നടത്തിയതെന്നും മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ആറ് മാസത്തിൽ കൂടുതൽ പലർക്കും പുനർനിയമനം നൽകിയതായും റിപ്പോർട്ടിലുണ്ട്. അന്വേഷിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.