പ്രതീക്ഷക്കൊത്ത് മത്സ്യം ലഭിച്ചാൽ രണ്ടു മാസമായി കടൽക്ഷോഭത്തിലും തൊഴിലില്ലായ്മയിലും വലഞ്ഞ നൂറു കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകും അഴീക്കോട്: 52 ദിവസം നീണ്ട ട്രോളിങ് നിരോധനം ചൊവ്വാഴ്ച്ച അർധരാത്രി അവസാനിക്കുന്നതോടെ കടലോളം പ്രതീക്ഷകളുമായി മത്സ്യബന്ധന ബോട്ടുകൾ തീരം വിടും. കടൽേക്ഷാഭം രൂക്ഷമായി ജീവിതം വഴിമുട്ടി നിൽക്കുന്ന തീരദേശത്തിന് ഇത് ഉത്സവദിവസമാണ്. മുനമ്പം, പള്ളിപ്പുറം, മാല്യങ്കര, അഴീക്കോട് മേഖലകളിൽ നിന്ന് അറുന്നൂറോളം ബോട്ടുകളാണ് ആഴക്കടൽ മത്സ്യബന്ധനത്തിനിറങ്ങുന്നത്. നിരോധന കാലയളവിൽ യാർഡുകളിൽ കയറ്റിയ ബോട്ടുകൾ ദിവസങ്ങൾക്കു മുമ്പെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നീറ്റിലിറക്കി. വലയും മറ്റു മത്സ്യബന്ധന സാമഗ്രികളും സജ്ജമാക്കി ബോട്ടിലെത്തിച്ച് കഴിഞ്ഞു. തീരത്ത് അടച്ചിട്ടിരുന്ന ഡീസൽ പമ്പുകൾ ബോട്ടുകൾക്ക് ഇന്ധനം നൽകുന്നതിനായി കഴിഞ്ഞ ദിവസം മുതൽ പ്രവർത്തിച്ചു തുടങ്ങി. മേഖലയിലെ ഐസ് ഫാക്ടറികളും സജീവമായി. രാത്രിയോടെ സജ്ജമായെത്തുന്ന ബോട്ടുകൾ സിഗ്നൽ ലഭിക്കുന്നതോടെ 12ന് അഴിമുഖം കടക്കും. പ്രതീക്ഷക്കൊത്ത് മത്സ്യം ലഭിച്ചാൽ രണ്ടു മാസമായി കടൽക്ഷോഭത്തിലും തൊഴിലില്ലായ്മയിലും വലഞ്ഞ നൂറു കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകും. പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരുടെ എണ്ണം കുറഞ്ഞതോടെ മേഖലയിൽ വലിയ ബോട്ടുകളിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് വർധിച്ചിട്ടുണ്ട്. നാട്ടുകാർക്കൊപ്പം തമിഴ്നാട്ടിലെ കുളച്ചൽ, അസം, പശ്ചിമ ബംഗാൾ, ഒഡീഷ സ്വദേശികളും പണിയെടുക്കുന്നുണ്ട്. തീരക്കടലിൽ നിന്ന് ഏറെ അകലെയല്ലാതെ മീൻ പിടിക്കുന്ന ചെറുകിട ബോട്ടുകൾക്ക് നിരോധനം നീങ്ങിയാലും കടൽശാന്തമായി മത്സ്യലഭ്യത ഉറപ്പാകുന്നതുവരെ കാത്തിരിക്കേണ്ടി വരും. അതേസമയം, കടലിലിറങ്ങുന്ന ബോട്ടുകൾക്ക് രജിസ്ട്രേഷനും ലൈസൻസും ഉറപ്പാക്കുന്നതിനും അനധികൃത മത്സ്യബന്ധനം തടയുന്നതിനും നിരീക്ഷണവും പരിശോധനയും കർശനമാക്കാൻ മത്സ്യ വകുപ്പ് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.