അഴീക്കോട്: കായലിൽ അനധികൃത മത്സ്യബന്ധനം നടത്തിയ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടവഞ്ചികളും വലയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ മീൻ പിടിച്ചിരുന്ന മൈസൂർ സ്വദേശികളുടെ അഞ്ച് കുട്ടവഞ്ചികളാണ് പിടിച്ചെടുത്തത്. കണ്ണിവലുപ്പം കുറഞ്ഞ ആയിരം മുതൽ രണ്ടായിരം മീറ്റർ വരെ നീളമുള്ള വലകളാണ് ഇവർ ഉപയോഗിച്ചിരുന്നതെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി മുന്നറിയിപ്പ് നൽകി വിട്ടയച്ചെങ്കിലും തിങ്കളാഴ്ച വീണ്ടും മീൻപിടിക്കുകയായിരുന്നു. തുടർ നടപടികൾക്കായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. നിരോധിത വല ഉപയോഗിച്ച് മീൻപിടിക്കുന്നതായി നാട്ടുകാരായ ഉൾനാടൻ മത്സ്യത്തൊഴിലാളികളിൽ നിന്ന് നിരവധി പരാതികളുയർന്നിരുന്നു. ഫിഷറീസ് സബ് ഇൻസ്പെക്ടർ പി.എം. അൻസിലിെൻറ നേതൃത്വത്തിൽ സീ ഗാർഡുമാരായ അൻസാർ, മിഥുൻ, നിജാസ് എന്നിവരാണ് പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.