തൃശൂർ: ഒടുവിൽ പട്ടാളം റോഡ് വികസനം യാഥാർഥ്യമാവുന്നു. തപാൽ വകുപ്പിെൻറ കെട്ടിടം പൊളിച്ച് മാറ്റിപ്പണിയാൻ കരാറായി. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് തയാറാക്കി നൽകിയ കരാറിൽ, ഇപ്പോഴത്തെ ഭരണസമിതി ഭേദഗതി വരുത്തി പുതുക്കി കരാറിന് തപാൽ വകുപ്പിെൻറ അംഗീകാരമായി. പുതിയ കരാർ അംഗീകരിക്കാൻ 23ന് കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗം ചേരും. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരവും വകുപ്പ് തല ചർച്ചകളും കരാറുണ്ടാക്കലും കഴിഞ്ഞിട്ടും കുരുക്കഴിക്കാൻ കഴിയാതിരുന്ന പട്ടാളം റോഡ് വികസനം കോർപറേഷൻ ഭരണസമിതിക്ക് ഏറെ തലവേദനയായിരുന്നു. കഴിഞ്ഞ ജൂണിൽ തപാൽവകുപ്പിെൻറ തിരുവനന്തപുരം പി.ജി.എം, റീജനൽ മേധാവികളുമായി മേയർ അജിത ജയരാജൻ, മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി എന്നിവർ നടത്തിയ ചർച്ചയിൽ കോർപറേഷൻ നിലപാട് കടുപ്പിച്ചിരുന്നു. കോടതി വ്യവഹാരങ്ങളിലേക്ക് കടക്കുമെന്നും തപാൽവകുപ്പിനെ അറിയിച്ചു. ഇതേത്തുടർന്ന്, കരാറിലെ നിർണായക വ്യവസ്ഥയിലെ കെട്ടിടം നിർമിക്കണമെന്ന കോർപറേഷൻ ആവശ്യം തപാൽവകുപ്പ് അംഗീകരിച്ചു. 3500 ച.അടി വിസ്തീർണത്തിൽ തപാൽവകുപ്പ് തയാറാക്കി നൽകുന്ന പ്ലാനിലും എസ്റ്റിമേറ്റിലും കോർപറേഷൻ, എട്ട് മാസത്തിനുള്ളിൽ കെട്ടിടം നിർമിച്ച് നൽകണമെന്നും കെട്ടിടം നിർമിക്കുന്ന തുല്യ സംഖ്യ ബാങ്ക് നിക്ഷേപമായി കെട്ടിവെക്കുന്നതുമായിരുന്നു യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് തയാറാക്കിയ കരാർ. ഈ ഭരണസമിതി കരാറിൽ ഭേദഗതി വരുത്തി കെട്ടിടം തപാൽ വകുപ്പ് നിർമിക്കണം എന്നാക്കി. അതുവരെ തപാൽ ഓഫിസ് പ്രവർത്തിക്കുന്ന കോർപറേഷൻ കെട്ടിടത്തിെൻറ വാടക ഒഴിവാക്കി നൽകാമെന്നും കരാറിൽ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തപാൽവകുപ്പിെൻറ കരട് ധാരണാപത്രം കോർപറേഷന് ലഭിച്ചു. 23ന് കരാർ അംഗീകരിക്കുന്നതിനായി പ്രത്യേക കൗൺസിൽ വിളിച്ചിട്ടുണ്ട്. ഒപ്പുവെച്ച് ഉടൻ തന്നെ പട്ടാളം റോഡ് വികസനത്തിലേക്ക് കടക്കാനാണ് കോർപറേഷൻ ആലോചന. 2014ൽ തുടങ്ങിയതാണ് പട്ടാളം റോഡ് വീതികൂട്ടുന്ന പ്രവൃത്തി. 16.5 സെൻറ് സ്ഥലമാണ് പോസ്റ്റ് ഓഫിസിനുള്ളത്. അത്രയും സ്ഥലം പകരം പട്ടാളം റോഡരികില്‍തന്നെ പോസ്റ്റ് ഓഫിസിന് കോര്‍പറേഷന്‍ നല്‍കിയിട്ടുണ്ട്. പട്ടാളം റോഡിലെ ഈ കുപ്പിക്കഴുത്ത് പൊട്ടിയാൽ എം.ഒ.റോഡിലേയും, ശക്തൻ നഗറിലേക്കുമുള്ള വാഹനങ്ങളുടെ തിരക്കൊഴിവാക്കാനാവും. ഉടൻ പട്ടാളം റോഡ് വികസന പ്രവൃത്തികൾ തുടങ്ങുമെന്നും ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.