തൃശൂര്‍: പുല്ലഴി കോള്‍പാടത്തെ കെ.എല്‍.ഡി.സി ബണ്ട് കനാലില്‍ കാൽവഴുതിവീണ് സോഫ്‌റ്റ്‌വെയര്‍ എൻജിനീയർ മരിച്ചു. ഒരാളെ രക്ഷിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം. ഷൊര്‍ണൂര്‍ കുന്നത്തുവീട്ടില്‍ ബാലചന്ദ്രെൻറ മകന്‍ ബിജോയിയാണ് (24) മരിച്ചത്. എം.ജി റോഡിലെ ഐ.ടി സ്ഥാപനമായ എ.ടി.ഇ.ഇ.എസിൽ സോഫ്‌റ്റ് വെയര്‍ എൻജിനീയറായിരുന്നു. ബിജോയിയെ രക്ഷിക്കാന്‍ കനാലില്‍ ചാടിയ സുഹൃത്ത് സഞ്‌ജയ്യെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ ഒമ്പതോടെ ഫയര്‍ ഫോഴ്സിലെ മുങ്ങല്‍വിദഗ്‌ധരാണ് ബിജോയിയുടെ മൃതദേഹം പുറത്തെടുത്തത്. പുല്ലഴി പന്ന്യേങ്കര കിണി കോള്‍പടവിലെ കോള്‍ബണ്ട് കനാലിനോട് ചേര്‍ന്ന മോട്ടോര്‍ പുരക്ക് സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. രേവതിമൂലയിലെ വാടകവീട്ടില്‍ താമസിച്ചിരുന്ന സോഫ്‌റ്റ് വെയര്‍ എൻജിനീയര്‍മാരുടെ സംഘത്തിലെ അഞ്ച്‌പേര്‍ രാത്രി മഴയില്‍ കോള്‍ബണ്ട് റോഡിലൂടെ നടക്കാനിറങ്ങിയതായിരുന്നു. വഴുക്കലുണ്ടായിരുന്ന ബണ്ട് റോഡില്‍നിന്ന് ബിജോയ് കനാലിലേക്ക് വീണു. രക്ഷിക്കാന്‍ കൂട്ടുകാരൻ സഞ്‌ജയ് എടുത്തുചാടി. ഇരുവർക്കും നീന്തലറിയില്ലായിരുന്നു. ഒപ്പമുണ്ടായിരുന്ന അശ്വിൻ, ജിയോ എന്നിവർ ചാടി സഞ്‌ജയ്യെ രക്ഷിച്ചു. ബിജോയിക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. ഫയര്‍ഫോഴ്സും പൊലീസും സമീപവാസികളും എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ശക്തമായ ഒഴുക്കുള്ളതിനാല്‍ തിരച്ചിൽ എളുപ്പമായിരുന്നില്ല. പുലര്‍ച്ചെ രണ്ടരക്ക് തിരച്ചില്‍ നിർത്തിയ ഫയർഫോഴ്സും വെസ്റ്റ് പൊലീസും രാവിലെ ഏഴോടെ വീണ്ടും തുടങ്ങി. ഒമ്പതോടെ ബിജോയ് വീണിടത്തുനിന്ന് മുപ്പതടി ദൂരെ ചളിയില്‍ പുഴ്‌ന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ടൈംസ് ഓഫ് ഇന്ത്യയില്‍നിന്ന് റിട്ടയര്‍ ചെയ്‌ത ബാലചന്ദ്രെൻറ മകനായ ബിജോയ് മുംബൈയില്‍ സോഫ്‌റ്റ്‌വെയര്‍ എൻജിനീയറായിരുന്നു. രണ്ടരവര്‍ഷം മുമ്പാണ് തൃശൂരിലെ സ്ഥാപനത്തില്‍ ചേര്‍ന്നത്. സഹപ്രവര്‍ത്തകെൻറ പിറന്നാൾ പാര്‍ട്ടി ഉണ്ടായിരുന്നതിനാലാണ് ബിജോയ് ചൊവ്വാഴ്ച പുല്ലഴിയിലെ വാടകവീട്ടില്‍ നിന്നത്. മാതാവ്: ശാരദ. സഹോദരന്‍: ബിനോയ് (മുംബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.