ആരോഗ്യരംഗത്ത് അശാസ്ത്രീയ പ്രചാരണം വർധിക്കുന്നു -ഡോ. ബി. ഇക്ബാൽ

തൃശൂർ: നിരവധി മാതൃകകൾ സൃഷ്ടിച്ച കേരളത്തിലെ ആരോഗ്യരംഗം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി , അശാസ്ത്രീയ പ്രചാരണങ്ങളും വ്യാജ ചികിത്സകളുമാണെന്ന് ആസൂത്രണ കമീഷൻ അംഗവും ജനകീയാരോഗ്യ പ്രവർത്തകനുമായ ഡോ. ബി. ഇക്ബാൽ. സംസ്ഥാനത്ത് പതിനായിരം ആരോഗ്യ ബോധവത്കരണ ക്ലാസുകൾ നടത്തുന്നതിന് മുന്നോടിയായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യ പ്രവർത്തകർക്കായി സംഘടിപ്പിച്ച സംസ്ഥാന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിപ്പ രോഗത്തെ ശാസ്ത്രീയമായി നേരിട്ടതുൾപ്പെടെ നിരവധി മാതൃകകൾ ലോകത്തിന് കാട്ടിക്കൊടുത്ത കേരളത്തിൽ അശാസ്ത്രീയ ചികിത്സകളും അത് മൂലമുള്ള മരണങ്ങളും പെരുകുകയാണ്. കാൻസർ മൂലം മരിക്കുന്നവരിൽ 40ശതമാനവും അശാസ്ത്രീയ ചികിത്സക്ക് വിധേയരായവരാണ്. സമ്പൂർണ സാക്ഷരത നേടിയ മലയാളിയിലെ ശാസ്ത്രബോധമില്ലായ്മയാണിത് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഴക്കാല രോഗങ്ങൾ, കാൻസർ: അറിയേണ്ടതും തഴയേണ്ടതും, പൊതുജനാരോഗ്യം - ജനകീയാരോഗ്യം എന്നീ മൂന്ന് വിഷയങ്ങളിലാണ് പൊതുജനങ്ങൾക്ക് വേണ്ടി സംസ്ഥാനത്ത് ക്ലാസുകൾ സംഘടിപ്പിക്കുകയെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. മീരാഭായ് അറിയിച്ചു. ഡോ. കെ.പി. അരവിന്ദൻ , ഡോ. കെ. വിജയകുമാർ, ഡോ. എസ്.എം.സരിൻ , ഡോ. ദിവ്യ ബി. രഞ്ജിത്, ഡോ. കെ.കെ. പുരുഷോത്തമൻ, ഡോ. ഷൈജു ഹമീദ്, ഡോ. കെ.ആർ. വാസുദേവൻ, സംസ്ഥാന ആരോഗ്യ വിഷയ സമിതി കൺവീനർ ഡോ. എസ്. മിഥുൻ, പരിഷത്ത് ജില്ല സെക്രട്ടറി ടി. സത്യനാരായണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.