ചാവക്കാട്: കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുേമ്പാൾ ചാവക്കാട്-ചേറ്റുവ ദേശീയപാതയിെല കുഴികൾ നികത്തിയെന്ന് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥർ. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ഉദ്യോഗസ്ഥർ തെറ്റായ വിവരം നൽകിയത്. ബുധനാഴ്ച മന്ത്രിയുടെ പൊതുജനങ്ങളുമായുള്ള ഫോൺ ഇൻ പരിപാടിക്കിടെയാണ് ഉദ്യോഗസ്ഥരുടെ നടപടി. ദേശീയപാത ചാവക്കാട്-ചേറ്റുവ മേഖല പൊളിഞ്ഞ് യാത്രാദുരിതം നേരിടുന്ന കാര്യം ഒരുമനയൂരിലെ പൊതുപ്രവർത്തകൻ ഫൈസൽ ഉസ്മാൻ മന്ത്രിയെ വിളിച്ച് അറിയിക്കുകയായിരുന്നു. ഫൈസൽ ഉസ്മാനുമായി സംസാരിക്കുന്നതിനിടയിൽ മന്ത്രി വിശദവിവരത്തിന് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. കരുവന്നൂർ ജലപദ്ധതിക്കായി പൈപ്പിടാൻ പൊളിച്ച കുഴികൾ നികത്തിയെന്നും ഇനി ടാറിങ് മാത്രമേ ബാക്കിയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി ശേഷം മന്ത്രി അറിയിച്ചു. മഴയായതിനാലാണ് കുഴിയടക്കാത്തത്. രണ്ടാഴ്ച മുമ്പാണ് കുഴികളുണ്ടായിരുന്നത്. ഇപ്പോൾ അതില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി മന്ത്രി വ്യക്തമാക്കി. മന്ത്രി ലൈവ് പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുമുണ്ട്. അതേസമയം ദേശീയപാത വിഷയത്തിൽ ഉദ്യോഗസ്ഥർ അവ്യക്തതയിലാണ്. ദേശീയപാത ചാവക്കാട്-ചേറ്റുവ ഭാഗത്ത് പണി പൂർത്തിയാക്കാൻ ഉത്തരവാദിത്തമുള്ള അസി.എക്സി.എൻജിനീയർ മൂന്നാഴ്ചയായി അവധിയിലാണെന്നാണ് അവരുടെ ന്യായീകരണം. പാത വെട്ടിപ്പൊളിച്ച ഭാഗത്തെ കുഴികൾ അടക്കാനാണ് നിലവിലെ പദ്ധതിയെന്നും പാത പൂർണമായും തകർന്നിരിക്കുന്നതിനാൽ മൊത്തം പണിയെടുക്കേണ്ടതിന് പുതുക്കിയ കണക്ക് നൽകിയിട്ടുണ്ടെന്നുമാണ് കരാറുകാർ നേരത്തെ പറഞ്ഞത്. ഇക്കാര്യം ബന്ധപ്പെട്ട പ്രധാന ഉദ്യോഗസ്ഥർക്ക് അറിയില്ല. റോഡിലെ കുഴിയടച്ചുവെന്ന് അധികൃതർ അവകാശപ്പെടുമ്പോൾ തന്നെ കുഴിയിൽ വീണ് പലർക്കും പരിക്കേൽക്കുന്നുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിയായ ബൈക്ക് യാത്രികന് കഴിഞ്ഞ ദിവസം മാരക പരിേക്കറ്റിരുന്നു. മൂന്ന് ദിവസം മുമ്പ് കടപ്പുറം വട്ടേക്കാട് സ്വദേശിയായ ബൈക്ക് യാത്രക്കാരിക്കും ഇത്തരത്തിൽ പരിക്കേറ്റു. ഇതൊന്നും ഉദ്യോഗസ്ഥർ അറിഞ്ഞിട്ടില്ല. പാത തകർന്ന കാര്യം മന്ത്രി അറിയുന്നത് തന്നെ ഫൈസൽ ഉസ്മാൻ അറിയിച്ചതോടെയാണ്. നാട്ടിലെ ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ പരിഹാരം തേടി അദ്ദേഹത്തെ സമീപിച്ചിട്ടില്ലെന്നു ചുരുക്കം. പാത സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട രണ്ട് സംഘടനകൾ കലക്ടർക്ക് പരാതി നൽകിയതും മന്ത്രി അറിഞ്ഞിട്ടില്ല. റോഡ് വെട്ടിപ്പൊളിച്ച കാര്യം നീതീകരിക്കാനാവാത്തതാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകണമെന്നും ആവശ്യപ്പെട്ട മന്ത്രിയോട് വെള്ളിയാഴ്ച നാട്ടുകാർ കരിദിനമാചരിക്കുന്ന കാര്യം ഫൈസൽ സൂചിപ്പിച്ചു. കരിദിനം ആചരിക്കാൻ ചെലവില്ലല്ലോ എന്നായി മന്ത്രിയുടെ പ്രതികരണം. ചുരുക്കത്തിൽ ദേശീയപാത വിഷയത്തിൽ പരിഹാരം കാണാൻ ഒരു ശ്രമവുമുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ആര് മുൻകൈയെടുക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.