തകർന്ന ഉപകനാൽ അറ്റകുറ്റപ്പണി വൈകുന്നു കുണ്ടൂരിൽ കർഷകർക്ക് കണ്ണീർ; വിളകൾ ഉണങ്ങുന്നു

മാള: കുണ്ടൂര്‍ ചെറുകിട ജലസേചന പദ്ധതിയുടെ ഉപകനാല്‍ തകര്‍ന്ന് രണ്ടാഴ്ചയായിട്ടും പുനര്‍നിര്‍മാണത്തിന് നടപടിയായില്ല. പ്രദേശത്തെ കർഷകർ ആശങ്കയിൽ. ജലസേചനം മുടങ്ങിയതോടെ പ്രദേശത്തെ വിളകൾ ഉണങ്ങുകയാണ്. ജലസ്രോതസ്സുകളും വറ്റിത്തുടങ്ങി. ഉടൻ നടപടിയെടുത്തില്ലെങ്കിൽ മേഖല വൻ ജലക്ഷാമത്തിലേക്ക് നീങ്ങുമെന്ന് പ്രദേശവാസികൾ പറഞ്ഞു. കുണ്ടൂർ മസ്ജിദിന് സമീപത്തുനിന്ന് തുടങ്ങി കുളത്തേരി ഭാഗത്തേക്കുള്ള ഉപകനാലാണ് കഴിഞ്ഞ 17ന് രാത്രി തകര്‍ന്നത്. കനാലി​െൻറ ഒരുഭാഗം 125മീറ്ററോളം പൂര്‍ണമായും തകര്‍ന്നു. 200 മീറ്ററോളം എപ്പോള്‍ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലാണ്. പുനര്‍നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി നടപടികള്‍ വേഗത്തിലാക്കിയിരുന്നു. എന്നാൽ, കര്‍ഷക സംഘത്തി​െൻറ പേരില്‍ ജലസേചന വകുപ്പിന് പരാതി ലഭിച്ചതിനാലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്ന് അധികൃതർ പറഞ്ഞു. കനാലി​െൻറ പാര്‍ശ്വത്തിലുള്ള ഭൂഉടമ കനാലിനരികിലൂടെ കാന കീറിയതിനാലാണ് തകര്‍ന്നതെന്നും ഇയാളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കിയ ശേഷം കനാല്‍ പുനര്‍നിര്‍മാണം നടത്തിയാല്‍ മതിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇതോടെ നടപടികള്‍ തടസ്സപ്പെട്ടു. ഉദ്യോഗസ്ഥരെത്തി 7.30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി തിരുവനന്തപുരത്തേക്കയച്ചിരുന്നു. നിര്‍മാണാനുമതി വാങ്ങിയെങ്കിലും പരാതി നിലനില്‍ക്കുന്നതിനാല്‍ പണി തുടങ്ങാനായിട്ടില്ല. ഇതേസമയം, ഫെബ്രുവരി ഒമ്പതിന് നിര്‍മാണം ആരംഭിക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് തൃശൂര്‍ ഡിവിഷനല്‍ ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്രയും വൈകിയാൽ കാര്‍ഷിക വിളകൾ ഭൂരിഭാഗവും നശിക്കുമെന്ന് കർഷകർ പറഞ്ഞു. വാഴ, പച്ചക്കറി, നെല്ല് തുടങ്ങിയ കാര്‍ഷിക വിളകൾ നാശത്തി​െൻറ വക്കിലാണ്. കിഴക്കും തല ഇബ്രാഹിം, ചുങ്കത്ത്പറമ്പില്‍ ശങ്കരന്‍കുട്ടി, കിഴക്കുംതല ഷെമീർ എന്നിവരുടെ വാഴ കൃഷി നശിക്കുകയാണ്. കുഴൂര്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലെ കര്‍ഷകരുടെ അവസ്ഥയും വ്യത്യസ്തമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.