തൃശൂർ: മുൻ കൗൺസിലർ സ്മിനി ഷിജോക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗത്തിൽ തീരുമാനം. കോൺഗ്രസ് നിലപാടിന് വിരുദ്ധമായി കോട്ടപ്പുറം സബ് സ്റ്റേഷൻ, ലാലൂർ വിഷയങ്ങളിൽ സ്വന്തമായി കത്ത് നൽകുകയും, മാധ്യമങ്ങൾക്ക് നൽകിയതിലുമാണ് നോട്ടീസ് നൽകാനുള്ള തീരുമാനം. ചൊവ്വാഴ്ച ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപെൻറ സാന്നിധ്യത്തിൽ ചേർന്ന പാർലമെൻററി പാർട്ടി യോഗത്തിൽ എ. പ്രസാദ്, ജോൺ ഡാനിയേൽ തുടങ്ങിയ യുവ കൗൺസിലർമാർ രൂക്ഷ വിമർശനമുന്നയിച്ചു. നഗരം വളരുകയും, വൈദ്യുതിയാവശ്യം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയ സബ്സ്റ്റേഷനുകളും പദ്ധതികളും ആവശ്യമാണെന്നും, മുൻ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് തയാറാക്കിയ പദ്ധതിയെ എതിർക്കാനാവില്ലെന്നും അംഗങ്ങൾ അറിയിച്ചു. ലാലൂർ വീണ്ടും ട്രഞ്ചിങ് ഗ്രൗണ്ട് ആയി നിലനിർത്തണമെന്ന സ്മിനി ഷിജോയുടെ കത്തിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. എം.ജി.റോഡിൽ റിലയൻസ് കേബിളിടുന്നത് തടഞ്ഞ സംഭവത്തിൽ സ്വകാര്യമായി പിഴയടച്ച് കേസ് ഒഴിവാക്കിയതിലാണ് പ്രതിപക്ഷ കക്ഷി നേതാവ് മുകുന്ദനെതിരെ വിമർശനമുയർന്നത്. പടിഞ്ഞാറെ കോട്ട പുനരധിവാസത്തിൽ നിയമാനുസൃതമുള്ള പുനരധിവാസത്തിനും, പാട്ടുരായ്ക്കലിൽ 110 കെ.വി.സബ് സ്റ്റേഷൻ വേണമെന്ന ആവശ്യവും യോഗം അംഗീകരിച്ചു. ലാലൂരിനെ മാലിന്യ കേന്ദ്രമാക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് അറിയിച്ച് മേയർക്ക് കത്ത് നൽകി. മുൻ മേയർ ഐ.പി. പോൾ, ജെയ്ജു സെബാസ്റ്റ്യൻ എന്നിവരും, മുകുന്ദൻ, സി.ബി.ഗീത, ഫ്രാൻസിസ് ചാലിശേരി, ടി.ആർ.സന്തോഷ്, ലാലി ജെയിംസ്, ഷീന ചന്ദ്രൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.