തൃശൂർ: ബ്രസീലും അർജൻറീനയും വടൂക്കരയിലോ? വിശ്വസിക്കാനാവുന്നില്ല അല്ലെ? എങ്കിൽ കൂർക്കഞ്ചേരി തൈപ്പൂയത്തിന് വടൂക്കരയിലെ ബ്രസീലിനെയും അർജൻറീനയെയും കാണാം; പൂക്കാവടി രൂപത്തിൽ. ഇൗ വർഷം ലോകകപ്പ് ഫുട്ബാൾ നടക്കാനിരിക്കെ ഇരു ടീമുകളെയും ഒരുപോലെ നെഞ്ചേറ്റുന്ന വടൂക്കര എ.കെ.ജി. സെൻററിലെ യുവാക്കളും പരിസരത്തെ ടീംസ് വടൂക്കര ക്ലബ് അംഗങ്ങളും ചേർന്നാണ് ബ്രസീൽ-അർജൻറീന പൂക്കാവടി ഉണ്ടാക്കിയത്. കൂർക്കഞ്ചേരി േക്ഷത്രാങ്കണത്തിൽ ബ്രസീലും അർജൻറീനയും പാലപ്പൂ പോലെ കറങ്ങും. ഫുട്ബാൾ പ്രേമികളുടെ ആവേശമായ ഇൗ ടീമുകളുടെ പതാകയുടെയും ജഴ്സിയുടെയും നിറങ്ങളിൽ ശ്രീനാരായണ സമാജത്തിനുവേണ്ടിയാണ് ബ്രസീൽ-അർജൻറീന പൂക്കാവടി ഉണ്ടാക്കിയത്. കാവടിയുടെ ഒരു ഭാഗത്ത് ബ്രസീൽ പതാകയുടെ പച്ചയും മഞ്ഞയും മറുഭാഗത്ത് അർജൻറീനയുടെ പതാകയുടെ നീലയും വെള്ളയും നിറങ്ങളാണ്. 12 നിലയുള്ള കാവടിയുടെ 10 നിലയിൽ ഇൗ നിറങ്ങളിൽ 'കൊന്നപ്പൂ'വും ഉണ്ടാകും. ഫുട്ബാൾ ഇതിഹാസം പെലെ, മറഡോണ, മെസ്സി, നെയ്മർ ഇവരുടെ ചിത്രങ്ങളും ഉണ്ട്. കാവടിയുടെ മുകളിൽ ഇരു നിറത്തിലുമായി ഫുട്ബാളാണ്. അതിനുമുകളിൽ ഇരു രാഷ്ട്രങ്ങളുടെയും പതാകകളും. ഫുട്ബാൾ പ്രേമികളായ കാഴ്ച്ചക്കാരിൽ ഇൗ കാവടി ആവേശം വിതറുമെന്ന് ഉറപ്പ്. കഴിഞ്ഞ തവണ കാവടി ആസൂത്രണം ചെയ്തതായിരുന്നുവെന്നും ഇക്കൊല്ലം ലോകകപ്പ് നടക്കുന്നത് കണക്കിലെടുത്ത് ഇത്തവണത്തേക്ക് മാറ്റുകയായിരുന്നെന്നും ടീംസ് വടൂക്കരക്ക് നേതൃത്വം നൽകുന്ന വിനോദ് വൻപറമ്പിൽ പറഞ്ഞു. 35 കാവടികളുമായി വൻ വാശിയോടെയാണ് ശ്രീനാരായണ സമാജം ഇത്തവണ മത്സര കാവടിയാട്ടത്തിന് എത്തുന്നത്. പകൽ കാവടിയാട്ടത്തിൽ നിലവിലെ ജേതാക്കളായ കൂർക്കഞ്ചേരി ഗുരുദേവ സമാജവും ഒട്ടും മോശമല്ല. 30 കാവടികളും വാദ്യങ്ങളും മറ്റുമായാണ് അവർ എത്തുക. പകലും രാത്രിയും വിവിധ സമാജങ്ങൾ തമ്മിൽ മത്സര കാവടിയാട്ടം നടക്കും. കണ്ണംകുളങ്ങര, വെളിയന്നൂർ, കണിമംഗലം ഉത്സവ കമ്മിറ്റികളുടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും ബഹുനില പന്തലുകളും മത്സരാടിസ്ഥാനത്തിലാണ്. ദീപാലങ്കൃതമായ പന്തലുകൾ കാണാൻ ചൊവ്വാഴ്ച്ച രാത്രി ജനക്കൂട്ടം ഒഴുകിയെത്തി. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രാമാണ്യത്തിൽ ആൽത്തറ മേളവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.