തൃശൂർ: കലോത്സവവേദിയിൽ ചവിട്ടുനാടകം അരങ്ങുതകർക്കുേമ്പാൾ, അന്യംനിന്നുപോകുമായിരുന്ന കലാരൂപത്തെ കലോത്സവ അരങ്ങിൽ എത്തിച്ചതിെൻറ ബഹുമതി എറണാകുളം ജില്ലയിലെ ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തം. ദീർഘകാലത്തെ മുറവിളിക്കുശേഷം 2012ലാണ് ചവിട്ടുനാടകം കലോത്സവത്തിൽ മത്സര ഇനമായത്. അതുമുതൽ തുടർച്ചയായ മൂന്നുവർഷവും ഗോതുരുത്ത് സ്കൂൾതന്നെയായിരുന്നു വിജയികൾ. ചവിട്ടുനാടകം കലോത്സവത്തിൽ ഉൾപ്പെടുത്താൻ നാട്ടുകാരുടെ പിന്തുണയോടെ പറവൂരിലെ ജില്ല കലോത്സവവേദിക്കുമുന്നിൽ സമരം നടത്തിയ ചരിത്രവുമുണ്ട് സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിന്. കലോത്സവത്തിൽ ഒരേ സ്കൂളിലെ രണ്ടു ടീമുകൾ പരസ്പരം മത്സരിച്ചത് മറ്റൊരു അപൂർവത. അതും കലോത്സവത്തിൽ ഉൾപ്പെടുത്തിയ ആദ്യ വർഷംതന്നെ. ഇതിലൊരു ടീം ഉപജില്ല, ജില്ലതലങ്ങൾ കടന്നത് അപ്പീലിലൂടെ. സംസ്ഥാനതലത്തിൽ ഇവർതന്നെ ഒന്നും രണ്ടും സ്ഥാനക്കാരായി. ഗോതുരുത്തുകാർക്ക് ചവിട്ടുനാടകമെന്നാൽ ജീവിതംതന്നെയാണ്. അതിന് മുതിർന്നവരെന്നോ കുട്ടികളെന്നോ ഭേദമില്ല. കേരള ചവിട്ടുനാടക അക്കാദമി സെക്രട്ടറി പീറ്റർ പാറക്കലാണ് പി.ടി.എ പ്രസിഡൻറ്. സ്കൂളിന് സമീപത്ത് മുസ്രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി സർക്കാർ സ്ഥിരംവേദി നിർമിച്ചിട്ടുണ്ട്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇരുപതും ഹയർ സെക്കൻഡറിയിൽ 22ഉം ടീമുകളാണ് മത്സരിച്ചത്. മിക്കവാറും ടീമുകളുടെയും പരിശീലകർ ഗോതുരുത്തുകാർ തന്നെയെന്നതും കൗതുകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.