മാള: വെള്ളം തടഞ്ഞ് നിർത്താനുള്ള സംവിധാനമില്ലാതെയാണ് കരിങ്ങോൾചിറ പാലം നിർമിക്കുന്നതെന്ന ആരോപണവുമായി ജനകീയ കൂട്ടായ്മ രംഗത്ത്. കരിങ്ങോൾചിറ ജനകീയ കൂട്ടായ്മ പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയറുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഭാരവാഹികൾ പറഞ്ഞു. വെള്ളം തടഞ്ഞു നിർത്താനുള്ള സ്ലൂയിസ് സംവിധാനം ജലസേചനവകുപ്പിെൻറ പരിധിയിൽവരുന്ന ജോലിയാണ്. കരിങ്ങോൾചിറയിൽ നിർമിക്കുന്ന പാലം നിർമാണവുമായി ജലസേചനവകുപ്പിന് ബന്ധമില്ല. പൊതുമരാമത്തിെൻറ ഔദ്യോഗികരേഖകളിൽ റഗുലേറ്റർ കം ബ്രിഡ്ജ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റെഗുലേറ്റർ സംവിധാനം പ്രവർത്തിപ്പിക്കേണ്ടത് ജലസേചന വകുപ്പാണ്. ഇക്കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ പദ്ധതിയെപ്പറ്റി ബന്ധപ്പെട്ടവർ കൃത്യമായ വിശദീകരണം നൽകണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. പാലം നിർമാണം പുനരാരംഭിക്കുന്നതുവരെ നീളുന്ന നിരാഹാര സമരത്തിെൻറ ഭാഗമായി കരിങ്ങോൾചിറ കൂട്ടായ്മ മാള പൊതുമരാമത്ത് വകുപ്പ് കാര്യാലയത്തിന് മുന്നിൽ ജനകീയ ധർണ നടത്തി. അസി. എൻജിനീയർക്ക് പാലം നിർമാണം അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. അപ്രോച്ച് റോഡ് കടന്നുപോകുന്ന വഖഫ് ബോർഡിെൻറ സ്ഥലത്തിന് അവർ മുൻകൂർ നിർമാണ അനുമതി നൽകിയെങ്കിലും അത് നിയമപരമായി ഏറ്റെടുക്കാൻ കലക്ടറുമായി ബന്ധപ്പെട്ട് നടപടി വേഗത്തിലാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ജനകീയ കൂട്ടായ്മ സെക്രട്ടറി യു.കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. സാലി സജീർ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ എക്സി. കമ്മിറ്റി അംഗം സുൽഫിക്കർ ബൂട്ടോ, വൈസ് പ്രസിഡൻറ് സനാതനൻ, പുത്തൻചിറ പഞ്ചാ. സ്ഥിരം സമിതി അധ്യക്ഷൻ പി.ഐ. നിസാർ, കൂട്ടായ്മ ഭാരവാഹികളായ സി.എം. റിയാസ്, ശങ്കരൻകുട്ടി മേനോൻ, അഷ്റഫ് വൈപ്പിൻകാട്ടിൽ, സിജിൽ കരിങ്ങാച്ചിറ, സുബൈർ, അൻസാർ, രവീന്ദ്രൻ തെക്കേടത്ത്, റാബിയ, അബ്്ദുൽ മജീദ് , രമ്യ, കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. കരിങ്ങോൾചിറയിൽ നടക്കുന്ന നിരാഹാര സമരം എട്ടാം ദിവസം അശ്റഫ് കടുപ്പൂക്കര, ഹംസ പിണ്ടാണി എന്നിവർ നിരാഹാരസമരം ഇരുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് സമരപ്പന്തലിൽ മതസൗഹാർദ സമ്മേളനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.