തൃശൂർ: വെജിറ്റബിൾ ബിരിയാണിക്ക് 120 രൂപ. പൊറോട്ട ഒന്നിന് 25 രൂപ. ജി.എസ്.ടി വന്നതോടെ സ്റ്റാർ ഹോട്ടലിലെ ഭക്ഷണ നിരക്കൊന്നുമല്ല ഇത്. കേരള സ്കൂൾ കലോത്സവം നടക്കുന്ന തൃശൂർ നഗരത്തിലെ സാധാരണ ഹോട്ടലുകളിെല കൊള്ളയടിയാണ് ഇത്. ഭക്ഷണം കഴിക്കാനെത്തുന്നവരെ പിഴിഞ്ഞെടുക്കുകയാണ് ഹോട്ടലുകാർ. സ്കൂൾ കലോത്സവം ആസ്വദിക്കാൻ ഇതര സംസ്ഥാനത്ത് നിന്ന് വിദേശികളുമടക്കം പതിനായിരങ്ങളാണ് നഗരത്തിലെത്തിയിട്ടുള്ളത്. മത്സരാർഥികൾക്കും അധ്യാപകർക്കും സംഘാടകരുടെ ഭക്ഷണമുണ്ടെങ്കിലും രക്ഷിതാക്കളും ആസ്വദിക്കാനുമെത്തിയവർക്ക് ഭക്ഷണത്തിന് പുറത്തെ ഹോട്ടലുകളെ ആശ്രയിക്കണം. ഈ അവസരം പരമാവധി മുതലെടുക്കുകയാണ് ഹോട്ടലുകാർ. കലോൽസവ വേദിയായ സേക്രഡ് ഹാർട്ട് സ്കൂളിന് സമീപത്തെ ഹോട്ടലിൽനിന്ന് രണ്ടുപേർ വെജിറ്റബിൾ ബിരിയാണിയും നാല് പൊറോട്ടയും ചില്ലിഗോബിയും കഴിച്ചതിന് 740 രൂപയുടെ ബില്ലാണ് നൽകിയത്. ജി.എസ്.ടിയൊന്നുമില്ലാതെയാണ് ഈ തുക. നഗരത്തിലെ പല ഹോട്ടലുകളിലും കൊള്ളവില ഈടാക്കുന്നുവെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. കെ.എസ്.ആർ.ടി.സി റോഡിലെയും വടക്കേ ബസ് സ്റ്റാൻഡിന് സമീപത്തെയും ഹോട്ടലുകളിൽ വിലയെ ചൊല്ലി തർക്കമുണ്ടായി. ഇക്കാര്യത്തിൽ അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. തൃശൂർ ആതിഥേയരാവുന്ന കലോത്സവത്തിന് സൗഹൃദ സാഹചര്യമൊരുക്കി ആക്ഷേപത്തിനിടയാക്കാതെ എല്ലാവരും സഹകരിക്കണമെന്ന് ജില്ല ഭരണകൂടവും മന്ത്രിമാരും വ്യാപാരി വ്യവസായി സംഘടനകളും ഡ്രൈവർമാർ അടക്കമുള്ളവരും ആഹ്വാനം ചെയ്തിരുന്നു. ഓട്ടോ, ടാക്സിക്കാരുടെ സൗഹൃദ ഓട്ടോ കലോത്സവത്തിന് സൗജന്യ നിരക്കിൽ സർവിസ് നടത്തുന്നുണ്ട്. എന്നാൽ ഹോട്ടലുകാർ കലോത്സവത്തെ വലിയ അവസരമാക്കുന്നുവെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.