മന്ത്രിമാർ പാടത്തിറങ്ങി; സി.പി.എം സമ്മേളനത്തിനുള്ള നെല്ല് കൊയ്തെടുത്തു

തൃശൂർ: മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, കൂടെ മറ്റ്നേതാക്കളും പ്രവർത്തകരും അരിവാളുമായി പാടത്തേക്കിറങ്ങി. അകമ്പടിയായി കൊയ്ത്തുപാട്ടും... ഫെബ്രുവരിയിൽ തൃശൂർ വേദിയാവുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധികൾക്കുള്ള ഭക്ഷണമൊരുക്കാനുള്ള ജൈവ നെല്ല് കൊയ്തെടുക്കുന്നത് ഉത്സവമാക്കുകയായിരുന്നു പാർട്ടി നേതാക്കളും പ്രവർത്തകരും. തരിശിട്ടിരുന്ന പുത്തൂരിലെ തുളിയാംകുന്ന് പാടത്തിൽനിന്ന് നൂറുമേനിയുടെ വിളവാണ് ലഭിച്ചത്. ഒല്ലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാലേക്കറില്‍ ജ്യോതി നെല്‍വിത്ത് കൃഷിയിറക്കിയത്. ആയിരത്തില്‍പ്പറ നെല്ലാണ് ഉൽപാദിപ്പിച്ചത്. കൊയ്ത്തുത്സവച്ചടങ്ങില്‍ കൊയ്ത്തുപ്പാട്ടി​െൻറ സി.ഡി മന്ത്രി എ.സി. മൊയ്തീന്‍ പുത്തൂര്‍ പള്ളി വികാരി ഫാ. ഫ്രാന്‍സീസ് തരകനു നല്‍കി പ്രകാശനം ചെയ്തു. മന്ത്രി സി. രവീന്ദ്രനാഥ്, ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍, സംസ്ഥാനകമ്മിറ്റി അംഗം എന്‍.ആര്‍. ബാലന്‍, ജില്ല കമ്മിറ്റിയംഗം വര്‍ഗീസ് കണ്ടംകുളത്തി, കെ.വി. സജു, പി.ബി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.പി. പോള്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകരും കന്യാസ്ത്രീകളുമുൾപ്പെടെ നിരവധിയാളുകൾ കൊയ്ത്തുത്സവത്തിന് എത്തിയിരുന്നു. ഫെബ്രുവരി 22മുതല്‍ 25വരെയുള്ള സമ്മേളനത്തില്‍ അറന്നൂറോളം പ്രതിനിധികള്‍ എത്തും. നാലുദിവസത്തെ ഭക്ഷണം ഒരുക്കുന്നതിനാണ് ജൈവ അരി ഉൽപാദിപ്പിക്കുന്നത്. ഹരിതച്ചട്ടം പാലിച്ചും ജനകീയ പങ്കാളിത്തത്തോടെയുമാണ് സമ്മേളനം നടത്തുന്നത്. ജൈവപച്ചക്കറി, മത്സ്യം, കോഴി തുടങ്ങി കൃഷികളും സമ്മേളനത്തിനു മുന്നോടിയായി ഇറക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.