രൂപതാ തലത്തിൽ പ്രതിഷേധത്തിന് ടീച്ചേഴ്‌സ് ഗില്‍ഡ്

തൃശൂർ: സംസ്ഥാനത്തെ അധ്യാപകനിയമനങ്ങള്‍ അംഗീകരിക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പ് കുറ്റകരമായ അനാസ്ഥ കാണിക്കുകയാണെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതി. അധിക തസ്തികകളിലെ നിയമനം സംബന്ധിച്ച കെ.ഇ.ആര്‍ ഭേദഗതിയുടെ പേരില്‍, മറ്റു അധ്യാപക നിയമനങ്ങളും വ്യാപകമായി തടഞ്ഞു വെക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. അനാവശ്യമായി നിയമനങ്ങള്‍ തടഞ്ഞുെവച്ച് അധ്യാപകരെ ദ്രോഹിക്കുകയാണ്. അധ്യാപകരുടെ ഹ്രസ്വകാല അവധി ഒഴിവുകള്‍ പെന്‍ഷന് പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി അഞ്ചുമാസം മുമ്പ് റദ്ദാക്കിയിട്ടും ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. അതുമൂലം ഈ അധ്യയനവര്‍ഷം ഉള്‍പ്പെടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി വിരമിക്കുന്ന അധ്യാപകരുടെ പെന്‍ഷന്‍ ഫയലുകള്‍ അനിശ്ചിതാവസ്ഥയിലാണ്. ഹയര്‍സെക്കന്‍ഡറി മേഖലയില്‍ പുതിയ ബാച്ചുകളില്‍ വേണ്ട കുട്ടികളുടെ കുറഞ്ഞ എണ്ണം ഇരട്ടിയാക്കിയതും ജൂനിയര്‍ അധ്യാപകരുടെ പ്രശ്‌നങ്ങളും ഇനിയും പരിഹരിച്ചിട്ടില്ല. വിദ്യാഭ്യാസരംഗത്ത് ന്യൂനപക്ഷ വിദ്യാഭ്യാസാവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയാണെന്ന് യോഗം വിലയിരുത്തി. പൊതു വിദ്യാഭ്യാസരംഗത്തെ അധ്യാപകരുടെ ഗുരുതരപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എല്ലാ രൂപതകളിലും അധ്യാപകരുടെ പ്രതിഷേധ സമ്മേളനങ്ങള്‍ നടത്താനും അധ്യാപകരുടെ സെക്രേട്ടറിയറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കാനും ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതി തീരുമാനിച്ചു. കെ.സി.ബി.സി. വിദ്യാഭ്യാസ കമീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ജോസ് ആൻറണി, എം. ആബേല്‍, ഡി.ആര്‍.ജോസ്, ഷാജി മാത്യു, ജെയിംസ് കോശി, മാത്യു ജോസഫ്, സിബി വലിയമറ്റം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.