കുന്നംകുളം: നഗരസഭ പ്രദേശത്ത് എല്ലാവർക്കും വീട് എന്ന സ്വപ്നം ഉറപ്പാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. പി.എം.എ.വൈ, ലൈഫ് പദ്ധതികളിലൂടെയാണ് സമ്പൂർണ പാർപ്പിട പദ്ധതി നടപ്പാക്കുക. ഏറ്റവും കുറഞ്ഞത് ഒന്നര സെൻറ് ഭൂമിയുള്ള മൂന്ന് ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കും ഈ പദ്ധതികൾ മുഖേന വീടിന് അപേക്ഷിക്കാം. നഗരസഭ പ്രദേശത്ത് സ്വന്തമായി വീടില്ലാത്തവർ ഉണ്ടാകരുതെന്ന ലക്ഷ്യമാണ് ഇതിലുള്ളത്. പി.എം.എ.വൈ പദ്ധതി പ്രകാരം വീട് നിർമാണത്തിന് ഫണ്ട് അനുവദിക്കുന്നതിനുള്ള വിശദപദ്ധതി രേഖ തയാറായിട്ടുണ്ട്. വീട് വെക്കുന്നതിന് പണം ആവശ്യമുള്ളവർക്ക് അഞ്ച് ദിവസത്തിനുള്ളിൽ അപേക്ഷ നൽകാം. അതിന് ശേഷമേ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂ. നഗരസഭ പ്രദേശത്ത് കുടുംബശ്രീ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് 'സ്പർശം' കാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചു. 2017-'-18 വാർഷിക പദ്ധതിയിലുൾപ്പെട്ട എസ്.സി വിഭാഗം വിവാഹ ധനസഹായം ഒമ്പത് പേർക്ക് നൽകും. നടപ്പാകാത്ത പദ്ധതികളുടെ ഫണ്ട് വീട് നിർമാണത്തിന് വകമാറ്റി െചലവഴിക്കും. പദ്ധതി വിഹിതം പൂർണമായി ഉപയോഗിക്കുകയാണ് ലക്ഷ്യം. പകർച്ചവ്യാധികൾ പടർന്ന് പിടിക്കാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിന് ഒരു വർഷം നീണ്ടു നിൽക്കുന്ന പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാനും തീരുമാനിച്ചു. ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.