ഗുരുവായൂർ: ചരിത്രകുതുകികളായ വിദ്യാർഥികളുടെയും അധ്യാപകരുടെയും അന്വേഷണത്തിൽ തെളിഞ്ഞത് സ്കൂളിെൻറ പുതുചരിത്രം.1925ൽ ആരംഭിച്ചുവെന്ന് കരുതപ്പെട്ടിരുന്ന ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിന് യഥാർഥത്തിൽ ഒരു നൂറ്റാണ്ടിനപ്പുറമുള്ള ചരിത്രമുണ്ടെന്നാണ് തെളിഞ്ഞത്. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികൾ അധ്യാപകരുടെ സഹായത്തോടെ നടത്തിയ അന്വേഷണങ്ങളാണ് സ്കൂളിന് 111 വർഷത്തെ ചരിത്രമുണ്ടെന്ന് കണ്ടെത്താൻ സഹായിച്ചത്. സ്കൂളിൽ നിന്ന് നേരത്തെ വിരമിച്ച മലായാളം അധ്യാപകൻ രാധാകൃഷ്ണൻ കാക്കശേരിയാണ് ഇതിനുള്ള തെളിവ് കണ്ടെത്തിയത്. ചരിത്രാന്വേഷണ ഭാഗമായി വിദ്യാർഥിയായ കെ. യദുകൃഷ്ണ മുൻ അധ്യാപകൻ നൊച്ചൂർ രാമചന്ദ്ര ശാസ്ത്രികളുമായി നടത്തിയ അഭിമുഖവും അറിയപ്പെടാതിരുന്ന ചരിത്രത്തിലേക്ക് വെളിച്ചം വീശി. 1913ൽ സ്കൂളിെൻറ അഞ്ചാം വാർഷികത്തിൽ മഹാകവി വള്ളത്തോൾ പങ്കെടുത്തതിെൻറ ഓർമകൾ കവിതയായി പ്രകാശിപ്പിച്ചതാണ് രാധാകൃഷ്ണൻ കാക്കശേരി കണ്ടെത്തിയത്. ഇത് കണക്കാക്കുമ്പോൾ സ്കൂളിെൻറ ആരംഭം 1925ൽ അല്ലെന്നും 1908ൽ ആണെന്നും കണ്ടെത്തി. സാമൂതിരി ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ ആരംഭിച്ച 'അഡ്വാൻസ്ഡ് സാൻസ്ക്രിറ്റ് സ്കൂൾ' ആണ് കാലാന്തരത്തിൽ ശ്രീകൃഷ്ണ സ്കൂളായി മാറിയത്. സത്രം ഈസ്റ്റ് ബ്ലോക്ക് ഇന്ന് നിൽക്കുന്ന സ്ഥലത്തായിരുന്നു അന്നത്തെ സ്കൂൾ. സംസ്കൃതത്തിനൊപ്പം ഇംഗ്ലീഷ്, ചരിത്രം എന്നിവയും പഠിപ്പിച്ചിരുന്നു. സ്കൂൾ പിന്നീട് ഇന്നത്തെ ശ്രീവത്സം ഗെസ്റ്റ് ഹൗസ് നിൽക്കുന്ന കോവിലകം പറമ്പിലേക്ക് മാറ്റി. ഓറിയൻറൽ ഹൈസ്കൂൾ എന്നായിരുന്നു അപ്പോഴത്തെ പേര്. 1953ൽ അഡ്വാൻസ്ഡ് സ്കൂൾ എന്ന പേരിൽ സത്രം ഈസ്റ്റ് ബ്ലോക്കിലെ ലൈബ്രറി കെട്ടിടത്തിലേക്ക് മാറി. 1957ൽ എയ്ഡഡ് പദവി ലഭിച്ചു. വിമോചന സമരകാലത്ത് മറ്റ് സ്വകാര്യ സ്കൂളുകൾ അടച്ചിട്ടപ്പോൾ ഈ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. 1961ലാണ് ഇന്നത്തെ സ്ഥലത്തേക്ക് സ്കൂൾ മാറിയത്. അപ്പോഴേക്കും പേര് ശ്രീകൃഷ്ണ സ്കൂൾ എന്നായി മാറിയിരുന്നു. 1998ൽ ഹയർ സെക്കൻഡറി ആരംഭിച്ചു. ചരിത്രം തിരിച്ചറിയാൻ വൈകിയതിനാൽ ശതാബ്ദി ആഘോഷിക്കാൻ കഴിയാതെ പോയെങ്കിലും 111ാം വാർഷികം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ. വെള്ളിയാഴ്ച മൂന്നിന് നടക്കുന്ന ആഘോഷങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഈ സ്കൂളിലെ വിദ്യാർഥിയായിരിക്കുകയും പിന്നീട് ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകനാവുകയും തുടർന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പലായി സേവനത്തിൽ നിന്ന് വിരമിക്കുന്ന പി. രാധാകൃഷ്ണന് യാത്രയയപ്പും നൽകും. അധ്യാപിക പി. സരസ്വതി, ക്ലർക്ക് സി.കെ. രവീന്ദ്രൻ എന്നിവർക്കും യാത്രയയപ്പ് നൽകും. പ്രധാനാധ്യാപിക കെ.എസ്. രാധ, പി.ടി.എ പ്രസിഡൻറ് ടി. നിരാമയൻ, എം.വി. മധു, കെ.ആർ. സുന്ദർരാജ്, രാമചന്ദ്രൻ പല്ലത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഇടത്തരികത്തുകാവിൽ ദേവസ്വം താലപ്പൊലി ഇന്ന് ഗുരുവായൂർ: ക്ഷേത്രത്തിലെ ഇടത്തരികത്തുകാവിൽ ഭഗവതിക്ക് ദേവസ്വംവക താലപ്പൊലി ചൊവ്വാഴ്ച ആഘോഷിക്കും. പുലർച്ചെ മൂന്നിന് ചടങ്ങുകൾ ആരംഭിക്കും. അഭിഷേകം, അലങ്കാരം, കേളി, ദേവീസ്തുതി എന്നിവയുണ്ടാവും. 11.30ന് നട അടച്ചശേഷം വൈക്കം ചന്ദ്രെൻറ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തിെൻറ അകമ്പടിയോടെ എഴുന്നള്ളിപ്പ് ആരംഭിക്കും. പഞ്ചവാദ്യം കിഴക്കേനടയിൽ സമാപിക്കും. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയാകും. ഭക്തർ നിറപറകളോടെ എഴുന്നള്ളിപ്പിനെ വരവേൽക്കും. ഗുരുവായൂർ മുരളിയുടെ നേതൃത്വത്തിലുള്ള നാഗസ്വരത്തിെൻറ അകമ്പടിയോടെ എഴുന്നള്ളിപ്പ് തീർഥക്കുളം പ്രദക്ഷിണം ചെയ്യും. രാത്രി എഴുന്നള്ളിപ്പിനും പഞ്ചവാദ്യവും മേളവും ഉണ്ടാകും. രാത്രി കളംപാട്ടും പൂജയും നടക്കും. 53 ദിവസമായി നടന്നു വരുന്ന കളംപാട്ട്് വഴിപാട് ദേവസ്വം താലപ്പൊലിയോടെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.