ബംഗളൂരു: പൊതുതാൽപര്യ ഹരജി പൊതുശല്യമാണെന്ന് കർണാടക ഹൈകോടതി കണ്ടെത്തിയതോടെ പരാതി ഹരജിക്കാരനുതന്നെ പാരയായി. അനാവശ്യ ഹരജി കോടതിയിലേക്ക് എഴുന്നള്ളിച്ചയാളോട് കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ പിഴയടക്കാൻ കോടതി നിർദേശിച്ചു. ഭാവി പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന ടി.ഡി.ആർ. ഹരിശ്ചന്ദ്ര ഗൗഡ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. 2008 മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് താൻ 2005ൽ പ്രവചനം നടത്തിയിട്ടും ആക്രമണം തടയാൻ അധികൃതർ ശ്രമിക്കാതിരുന്നത് അന്വേഷണവിധേയമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പൊതുതാൽപര്യ ഹരജി. ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ആർ. ദേവദാസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് പിഴ ചുമത്തിയത്. പിഴത്തുക ഒരു മാസത്തിനകം കൈമാറണമെന്നും നിർദേശിച്ചു. അബദ്ധ ഹരജികൾകൊണ്ട് കോടതിയിലെത്തുന്നത് പതിവാക്കിയയാളാണ് ഹരിശ്ചന്ദ്ര. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ, അഴിമതി മുക്ത കർണാടകക്ക് വേണ്ടി തന്നെ മുഖ്യമന്ത്രിയാക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്ന ഹരജിയും മുമ്പ് ഇയാളുടേതായി ഹൈകോടതിയിലെത്തിയിരുന്നു. കേസുകൾ കോടതിയിൽ സ്വയം വാദിക്കുകയാണ് ശിവമൊഗ്ഗ തീർഥഹള്ളി സ്വദേശിയായ ഇൗ 65കാരെൻറ രീതി. മുംബൈ ആക്രമണം പൂജ നടത്തി തടയാവുന്നതായിരുന്നുവെന്ന് കാണിച്ച് അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആൻറണി, രാഷ്ട്രപതി പ്രതിഭ പാട്ടീൽ തുടങ്ങിയവർക്ക് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.