കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങുന്നു, കൊടകരയിലും മറ്റത്തൂരിലും ശുചീകരണത്തിന് ഊന്നല്‍ നല്‍കി അധികൃതര്‍

കൊടകര: കൊടകര, മറ്റത്തൂർ മേഖലയില്‍ വെള്ളം ഇറങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിലെ പകുതിയോളം കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. പെട്രോള്‍ പമ്പുകളില്‍ തിങ്കളാഴ്ച രാവിലെ ഡീസലും പെട്രോളും എത്തിയത് ആശ്വാസമായി. മിക്ക പമ്പുകളിലും വലിയ തിരക്കാണ്. ചൊവ്വാഴ്ച മുതല്‍ ബസ് സര്‍വിസുകള്‍ സാധാരണ നിലയിലാകുമെന്നാണ് സൂചന. ഞായറാഴ്ച വേണ്ടത്ര ഇന്ധനം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് സ്വകാര്യ ബസുകള്‍ പൂര്‍ണ തോതില്‍ സർവിസ് നടത്തിയില്ല. കൊടകര -വെള്ളിക്കുളങ്ങര, കൊടകര -മാള, കൊടകര-ഇരിങ്ങാലക്കുട റൂട്ടുകളില്‍ ഏതാനും ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. കൊടകരയില്‍ നിന്ന് ചാലക്കുടിയിലേക്ക് ഓര്‍ഡിനറി സര്‍വിസുകള്‍ കാര്യമായി നടക്കുന്നില്ല. കൊടകര, കോടാലി എന്നിവിടങ്ങളില്‍ നിന്ന് മുപ്ലിയം, വരന്തരപ്പിള്ളി എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ ബസ് സര്‍വിസും നിലച്ചിരുന്നു. കൊടകര പഞ്ചായത്തിലെ പത്തോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് കുടുംബങ്ങള്‍ മടങ്ങി തുടങ്ങി. കൊടകര ടൗണിലെ നാല് സ്‌കൂളുകളിൽ അഭയം തേടിയ ആയിരത്തോളം പേരില്‍ പലരും വീടുകളിലേക്ക് മടങ്ങി. 327 പേര്‍ മാത്രമാണ് തിങ്കളാഴ്ച ഉച്ചവരെ ക്യാമ്പുകളില്‍ അവശേഷിക്കുന്നത്. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ബ്ലീച്ചിങ് പൗഡര്‍ അടക്കം സാമഗ്രികള്‍ വിതരണം ചെയ്തിട്ടുണ്ട്. മറ്റത്തൂര്‍ പഞ്ചായത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും തുടര്‍ ശുചീകരണവും പുനരധിവാസവും കാര്യക്ഷമമാക്കുന്നതിന് തിങ്കളാഴ്ച രാവിലെ പഞ്ചായത്തോഫിസില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നു. പൂര്‍ണമായി തകര്‍ന്ന നൂറ്റി മുപ്പതോളം വീടുകളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന വിഷയവും യോഗം ചര്‍ച്ചചെയ്തു. കുടിവെള്ള സ്രോതസ്സുകളും ചെളി നിറഞ്ഞ വീടുകളും ശുചീകരിക്കാനായി വാര്‍ഡ് തല സ്‌ക്വാഡുകള്‍ രൂപവത്കരിക്കാൻ തീരുമാനിച്ചു. മറ്റത്തൂര്‍ പാരിഷ്ഹാൾ, മൂന്നുമുറി ശ്രീകൃഷ്ണ സ്‌കൂൾ, ചെട്ടിച്ചാല്‍ ക്ഷേത്രം ഹാൾ, ചെമ്പുച്ചിറ സ്‌കൂള്‍, മോനൊടി ഗ്രാമമന്ദിരം, ആനപ്പാന്തം ആദിവാസി കോളനി കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബങ്ങള്‍ മടങ്ങി പ്പോയതോടെ മറ്റ് ക്യാമ്പുകളെല്ലാം തന്നെ ഞായറാഴ്ചയോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.