കയ്പമംഗലം: പ്രളയം കഴിഞ്ഞ് അഞ്ച് ദിവസം പിന്നിട്ടിട്ടും തീരദേശത്ത് വെള്ളപ്പൊക്കം ഒഴിഞ്ഞില്ല. കിഴക്കൻ പ്രദേശത്തെ മിക്ക വീടുകളും ഇപ്പോഴും വെള്ളത്തിലാണ്. കാട്ടൂർ, എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളുടെ കനോലി കനാലിനോട് ചേർന്ന ഭാഗങ്ങളിലാണ് വെള്ളം കുറയാത്തത്. അടിയൊഴുക്ക് ഉണ്ടെങ്കിലും ഈ അഞ്ച് ദിവസത്തിനിടെ രണ്ടടി വെള്ളം മാത്രമാണ് കുറഞ്ഞതെന്ന് പെരിഞ്ഞനം പഞ്ചായത്തംഗം കെ.കെ. കുട്ടൻ പറഞ്ഞു. പെരിഞ്ഞനം പഞ്ചായത്തിെൻറ കിഴക്കൻ പ്രദേശത്ത് കനോലി കനാലിെൻറ തീരത്ത് ഒരു കിലോമീറ്ററിലധികം ഭാഗത്തേക്ക് വെള്ളം എത്തി. പെരിഞ്ഞനം പഞ്ചായത്തിൽ മാത്രം 400 വീടുകൾ വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങി നിൽക്കുന്നത്. ഇവിടെയുള്ളവർ ക്യാമ്പിലും, ബന്ധുവീടുകളിലുമാണ് കഴിയുന്നത്. വെള്ളത്തിലുള്ള വീടുകൾ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വെള്ളം ഒഴിയാൻ ആഴ്ചകൾ കാത്തിരിക്കേണ്ടി വരുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത് പറഞ്ഞു. ഇവരുടെ പുനരധിവാസത്തിനും മറ്റുമായി സർക്കാറിന് പുറമെ സുമനസ്സുകളെ കൂടി ഉൾപ്പെടുത്തി ബൃഹത്തായ പദ്ധതി തയാറാക്കുമെന്ന് ഇ.ടി. ടൈസൻ എം.എൽ.എ പറഞ്ഞു. എം.എൽ.എയും , ജനപ്രതിനിധികളും വെള്ളപ്പൊക്ക പ്രദേശങ്ങൾ സന്ദർശിച്ചു. കാട്ടൂർ പഞ്ചായത്തിലെ 60ശതമാനവും വെള്ളത്തിൽ കാട്ടൂർ: പഞ്ചായത്തിെൻറ 60 ശതമാനവും വെള്ളത്തിൽ മുങ്ങി. 18 ക്യാമ്പുകളിലായി 4000 പേരുണ്ട്. മാവുംവളവ്, മധുരംപിള്ളി, വെള്ളേച്ചരം, പറയൻകടവ്, കാട്ടൂർ ബസാർ, തൊപ്പിത്തറ, കാട്ടുകടവ്, പൊഞ്ഞനം, തെക്കുംപാടം, ഇല്ലിക്കാട് തുടങ്ങി സ്ഥലങ്ങളിലെല്ലാം ഒരാൾ പൊക്കത്തിൽ വെള്ളമാണ്. വളർത്തുമൃഗങ്ങളുടെ ജഡങ്ങൾ ഒഴുകി നടക്കുന്ന കാഴ്ച ദയനീയമാണ്. ദിവസങ്ങളായി മുങ്ങി നിൽക്കുന്ന വീടുകളിൽ പലതും നിലംപതിക്കാൻ തുടങ്ങി. മധുരംപിള്ളിയിൽ തുരുത്തി രാജേഷിെൻറ വീടും തേക്ക് മൂലയിൽ പണിക്കശ്ശേരി കുമാരെൻറ വീടും ഇടിഞ്ഞു വീണിട്ടുണ്ട്. കാട്ടൂർ ബസാർ വെള്ളത്തിൽ മുങ്ങിയതോടെ ലക്ഷക്കണക്കിന് രൂപയുടെ കച്ചവട സാധനങ്ങൾ നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.