മനംകവർന്ന് കലക്ടർ അനുപമ

തൃശൂർ: ഉറങ്ങിയിട്ട് ഏറെയായി. എങ്കിലും ആ കണ്ണുകളിൽ ക്ഷീണമില്ല. വാക്കുകളുടെ ദൃഢത പ്രവൃത്തികളിലും. തൃശൂർ കലക്ടർ ടി.വി.അനുപമ വീണ്ടും ജനഹൃദയങ്ങളിൽ ഇടം നേടുകയാണ്. സമൂഹമാധ്യമങ്ങളിൽ കലക്ടറെ അഭിനന്ദിച്ചുള്ള പ്രതികരണങ്ങൾ തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ പകച്ചുപോയവർക്ക് നേതൃത്വം കൊടുത്ത് രാപകൽ വിശ്രമമില്ലാതെ സജീവമാണ് അനുപമ. കലക്ടറേറ്റിലെ ചേംബറിലിരുന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം, എല്ലാ ക്യാമ്പുകളിലും നേരിട്ടെത്തി പ്രശ്നങ്ങളിലും, പരാതികളിലും ഇടപെട്ട് പരിഹരിക്കുന്നു. അവരുടെ പ്രവർത്തനം കരുത്താണെന്ന് കീഴുദ്യോഗസ്ഥർ പറയുമ്പോൾ, മികച്ച ഏകോപനമെന്ന് ജില്ലയുടെ മന്ത്രിമാരും സാക്ഷ്യപ്പെടുത്തുന്നു. ഉറച്ച നിലപാടിലൂടെ വാർത്തകളിൽ നിറഞ്ഞു നിന്ന അനുപമ ഇത്തവണ ജനങ്ങളുടെ കൈയടി നേടിയത് ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിയ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ കലക്ടറേറ്റ് ഓഫിസ് സമുച്ചയത്തിലെ അഭിഭാഷക സംഘടനയുടെ ഓഫിസ് ഒഴിപ്പിച്ചതിലൂടെയാണ്. ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കുന്ന വസ്തുക്കൾ സൂക്ഷിക്കാൻ ബാർ അസോസിയേഷൻ ഹാൾ തുറന്നു നൽകണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. എന്നാൽ ഭാരവാഹികൾ വിസമ്മതിച്ചതിനെത്തുടർന്ന് ദുരന്തനിവാരണ നിയമപ്രകാരം ഹാൾ ഏറ്റെടുത്തതോടെയാണ് ഇത്തവണ അനുപമ 'സ്റ്റാറായത്'. അഭിഭാഷക സംഘടന ഓഫിസ് അടിയന്തരാവശ്യത്തിന് തുറന്ന് കൊടുക്കാതിരുന്നത് സമൂഹമാധ്യമങ്ങളിലും രൂക്ഷ വിമർശനത്തിനിടയാക്കി. ഇക്കാര്യം വാർത്തയായതോടെ അഭിഭാഷകർ മാധ്യമങ്ങളെ വിമർശിച്ചും അധിക്ഷേപിച്ചും സമൂഹമാധ്യമങ്ങളിൽ രംഗത്തിറങ്ങി. കലക്ടറെയും ചില അഭിഭാഷകർ വിമർശിച്ചു. താക്കോൽ ലഭ്യമാകാതെ വന്നപ്പോഴാണ് ഹാൾ ഏറ്റെടുത്തതെന്നും വിവാദങ്ങൾക്കും തർക്കങ്ങൾക്കും പോകാൻ ആഗ്രഹിക്കുന്നില്ലെന്നുമുള്ള കലക്ടർ അനുപമയുടെ പ്രതികരണവും മാധ്യമങ്ങൾ വാർത്തയായി നൽകിയെങ്കിലും താരമാവാനുള്ള കലക്ടറുടെ ശ്രമമാണെന്ന വിമർശനമായിരുന്നു. സോഷ്യൽ മീഡിയയിൽ മാധ്യമങ്ങളെ വിമർശിച്ചുള്ള അഭിഭാഷകരുടെ കുറിപ്പുകൾക്ക് താഴെ അഭിഭാഷകർക്ക് ചീത്തവിളിയാണ് കിട്ടിയിട്ടുള്ളത്. തൃശൂരിലെത്തി ചുമതലയേറ്റ ആദ്യ ദിവസങ്ങളിൽതന്നെ അനുപമ ജില്ലയുടെ ഹൃദയത്തിൽ ചേക്കേറിയിരുന്നു. കടൽക്ഷോഭത്തിൽ തീരദേശം പ്രക്ഷോഭത്തിലായിരിക്കെ തീരദേശവാസികളെ നേരിൽ സന്ദർശിച്ച് അവരെ ക്ഷമയോടെ കേൾക്കാനും അവർക്ക് പക്വതയോടെ മറുപടി നൽകാനും കഴിഞ്ഞതും സമൂഹമാധ്യമങ്ങളിൽ അഭിനന്ദനങ്ങൾക്ക് ഇടയാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.