വീടുകളിൽ പുഴുക്കൾ, ദുർഗന്ധം.. എല്ലാം നശിച്ച വേദനയിൽ ഇവർ

തൃശൂർ: പ്രളയത്തിനുശേഷമുള്ള വെയിൽ കണ്ട് സ്വന്തം വീട്ടിലേക്ക് തിരിച്ചതാണ് കേരളവർമ കോളജിനടുത്ത് തൃക്കുമാരകുടം കോളനിയിലെ രമയും കുടുംബവും. എന്നാൽ അവിടെ കണ്ട കാഴ്ചകൾ വേദനാജനകമായിരുന്നു. വെള്ളമൊഴിഞ്ഞ വീടി‍​െൻറ പടിവാതിലിൽ ഉണ്ടായിരുന്നത് ചത്ത എലി, പാമ്പ്, കോഴി. സാധനങ്ങളിലെല്ലാം പുഴുക്കൾ. വീട്ടിലേക്ക് കയറാൻ പോലും കഴിയാത്തത്ര ദുർഗന്ധം- രമ പറയുന്നു. കിടക്കയും പുസ്തകങ്ങളും ഫ്രിഡ്ജുൾപ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. കട്ടിലും കുറച്ച് സ്റ്റീൽ പാത്രങ്ങളും മാത്രമാണ് കഴുകി ഉപയോഗിക്കാവുന്നത്. ബാക്കി എല്ലാം നശിച്ചു. വീട് വൃത്തിയാക്കാൻ വേണ്ട സഹായം ചെയ്തുതരാമെന്ന കോർപറേഷ‍ൻ വാഗ്ദാനത്തിലാണ് ഇനി ഇവരുടെ പ്രതീക്ഷ. വീട് താമസയോഗ്യമല്ലെന്ന് കണ്ട് മക്കളുടെ പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും മറ്റൊരു വീട്ടിൽ ഉണക്കാനിട്ട് ക്യാമ്പിലേക്ക് തന്നെ തിരിച്ചുവന്നിരിക്കുകയാണ് തൃക്കുമാരകുടം കോളനിയിലെ മിനിയും വിജയനും. പേന കൊണ്ടെഴുതിയ തങ്ങളുടെ സർട്ടിഫിക്കറ്റിലെ അക്ഷരങ്ങൾ മുഴുവൻ മാഞ്ഞുപോയി ബ്ലാങ്ക് പേപ്പറായി മാറിയിരിക്കുന്നു. തൊട്ടടുത്ത് തന്നെയുള്ള വൈലോപ്പിള്ളി കോളനിയിലെ മിനി രഞ്ജിനി കുടുംബശ്രീയുടെ സെക്രട്ടറിയാണ്. ഇത് ഈ കുടുംബങ്ങളുടെ മാത്രം പ്രശ്നമല്ല. പ്രളയം ബാക്കിയാക്കിയ ആയിരക്കണക്കിന് പേരുടെ ദുരിതം ഇതുതന്നെ. ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങളിൽ പൂർണ സംതൃപ്തി പ്രകടിപ്പിക്കുമ്പോഴും ചെളിയും ദുർഗന്ധവും കാരണം വീട്ടിലേക്ക് എന്ന് മാറാൻ കഴിയുമെന്ന് അറിയാതെ ക്യാമ്പിൽ കഴിയുകയാണ് ഈ കുടുംബങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.