കനിവി​െൻറ നിറകുടവുമായി തമിഴ്​ മക്കൾ

ഗുരുവായൂര്‍: മഹാപ്രളയത്തിൽ മുങ്ങിയ മലയാളിമക്കൾക്ക് ആശ്വാസമേകാൻ കൈനിറയെ സഹായവുമായി തമിഴ് മക്കൾ. ഒന്നര ലക്ഷത്തോളം രൂപക്കുള്ള സാധന സാമഗ്രികളുമായാണ് തമിഴ് യുവാക്കളുടെ സംഘം ഗുരുവായൂരിലെത്തിയത്. അരി, പഞ്ചസാര തുടങ്ങിയ പലചരക്കുകള്‍, മരുന്നുകള്‍, എല്ലാ തരത്തിലുമുള്ള വസ്ത്രങ്ങള്‍, ശുചീകരണ വസ്തുക്കള്‍, വീട്ടിലെ നിത്യോപയോഗത്തിന് വേണ്ട സാധന സാമഗ്രികള്‍ എന്നിവയെല്ലാം അടങ്ങിയ കണ്ടെയ്‌നര്‍ ലോറിയിലാണ് സംഘം നഗരസഭ ഓഫിസിലെത്തിയത്. നേരത്തെ ചെന്നൈ പ്രളയ കാലത്ത് ദുരിതാശ്വാസമെത്തിച്ചതില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് സാധന സാമഗ്രികള്‍ കൃത്യമായി പാക്ക് ചെയ്ത് കൊണ്ടുവന്നത്. പ്രത്യേക നമ്പറുകളിട്ട പെട്ടിയില്‍ ഓരോന്നിലും എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്ന പട്ടിക നഗരസഭ അധികൃതര്‍ക്ക് കൈമാറി. വഞ്ചിപ്പാളയം സ്വദേശികളായ ശരവണകുമാര്‍, എം. ശിവകുമാര്‍, രാജഗോപാല്‍, സുന്ദര്‍രാജന്‍, ശിശുപാലന്‍, ജഗദീഷ്, ധനശേഖര്‍, എസ്. ശിവകുമാര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. തിരുപ്പൂരില്‍ ജോലിചെയ്യുന്ന ഒറ്റപ്പാലം ലക്കിടി സ്വദേശിയായ നന്ദകുമാറാണ് സംഘത്തെ ഗുരുവായൂരിലെത്താന്‍ വഴികാട്ടിയായത്. തമിഴ് യുവാക്കളുടെ സംഘം സഹായത്തിന് തയാറായപ്പോള്‍ നന്ദകുമാര്‍ ബന്ധുവായ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ അധ്യാപിക മായ എസ്. നായരുമായി ബന്ധപ്പെടുകയായിരുന്നു. താന്‍ അംഗമായ ഗുരുവായൂര്‍ റീഡേഴ്‌സ് ഫോറം വാട്‌സ്ആപ്പ് കൂട്ടായ്മ വഴി ഗുരുവായൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയാണ് സഹായം ഗുരുവായൂരിലെത്തിക്കാന്‍ മായ നിര്‍ദേശിച്ചത്. കേരളത്തിലേക്കുള്ള ദുരിതാശ്വാസ സഹായമാണെന്നറിഞ്ഞപ്പോള്‍ വഴിയിലുടനീളം തങ്ങളുടെ വാഹനത്തെ തടസ്സങ്ങളില്ലാതെ കടത്തിവിട്ടുവെന്ന് സന്നദ്ധ സംഘടന അംഗങ്ങള്‍ പറഞ്ഞു. ഒരിടത്തും ടോളും ഈടാക്കിയില്ല. നഗരസഭ ഓഫിസിലെത്തിയ സംഘത്തില്‍ നിന്ന് അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി സാധനങ്ങള്‍ ഏറ്റുവാങ്ങി. ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. വിവിധ്, എം. രതി, കൗണ്‍സിലര്‍ സുരേഷ് വാര്യര്‍, സെക്രട്ടറി പി.വി. ഷിബു എന്നിവരും സന്നിഹിതരായിരുന്നു. നഗരസഭയിലെ ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചാണ് സംഘം മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.