ദുരിതം മറക്കാൻ പഠിപ്പിച്ച് ക്യാമ്പുകൾ

കൊടുങ്ങല്ലൂർ: മതിലകം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൂടണഞ്ഞവരെ ദുരിതം മറന്ന് ജീവിതത്തിലേക്ക് വീണ്ടും നടക്കാൻ പഠിപ്പിക്കുകയാണ് സന്നദ്ധ സംഘടനകളും പ്രവർത്തകരും. ഒന്നിനും ഒരു കുറവുണ്ടാകാൻ സമ്മതിക്കാത്ത നല്ല കുറേ മനുഷ്യരുണ്ട് ഇവർക്ക് ചുറ്റും. പുതിയകാവിലെ തണൽ സാംസ്കാരിക നിലയത്തിലെ ക്യാമ്പിൽ ഇന്നലെ കലാപരിപാടികളുണ്ടായി. കേവലം ആസ്വാദന ഇനം മാത്രമായിരുന്നില്ല. ക്യാമ്പിൽ കഴിയുന്ന 230ഒാളം പേരെ പ്രതിസന്ധിയിൽനിന്ന് ആത്മവിശ്വാസത്തോടെ തുടർ ജീവിതത്തിലേക്ക് നടന്നുകയറാൻ കരുത്ത് പകരാൻ ലക്ഷ്യമിടുന്നതായിരുന്നു ഇവയെല്ലാം. ക്ലാസും മാജിക്കും ഇക്കൂട്ടത്തിലുണ്ടായി. പഞ്ചായത്ത് അംഗങ്ങളായ കെ.കെ. അഹമ്മദ് കബീർ, ബിന്ദുസന്തോഷ്, കെ.കെ. ഷാജഹാൻ, പി.ബി. സക്കീർ ഹുസൈൻ, യു.ബി. മുഹമ്മദ്, ഹബീബ്, അഷറഫ് പുളിക്കനാട്ട് എന്നിവർ സംസാരിച്ചു. മതിലകം പള്ളി വികാരി ഫാ. ജോഷി കല്ലറക്കൽ ക്യാമ്പ് സന്ദർശിച്ചു. മതിലകത്തെ സ്കൂളുകളിൽ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഞായറാഴ്ച ഉച്ചഭക്ഷണത്തിന് വിളമ്പിയ കറികളിൽ ഒന്ന് പോത്തിറച്ചിയായിരുന്നു. പുതിയ കാവിലെ ഒരു വ്യക്തി പെരുന്നാളിന് ബലിയറുക്കാൻ തയാറാക്കി നിർത്തിയ പോത്തിനെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകിയത്. ക്യാമ്പിലേക്ക് നൽകിയ പോത്തിനെ അറുത്ത് പാകം ചെയ്തത് തങ്ങൾ തന്നെയാണെന്ന് ക്യാമ്പിന് മേൽനോട്ടം നൽകുന്നവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.