വാടാനപ്പള്ളി: വീടും ഗ്രാമവും മുങ്ങിയതോടെ സർവതും നഷ്ടപ്പെട്ട് അഞ്ച് ദിവസമായി നടുവിൽക്കര ഗ്രാമവാസികൾ ദുരിതത്തിൽ. കനോലി പുഴയും പാടവും നിറഞ്ഞ് വെള്ളം കരകവിഞ്ഞ് ഒഴുകിയതോടെ ഗ്രാമത്തിലെ 500ഓളം വീടുകളും മുങ്ങി. ഈ മാസം 16ന് ഉച്ചയോടെയാണ് വെള്ളം വീടുകളിലേക്ക് കയറിത്തുടങ്ങിയത്. കരകവിഞ്ഞതോടെ പുഴയോരത്ത് താമസിക്കുന്നവരാണ് ഉടുതുണി മാത്രം ധരിച്ച് ജീവൻ രക്ഷാർഥം നടുവിൽക്കര ബോധാനന്ദ സ്കൂളിൽ എത്തിയത്. 17ന് വൈകീട്ട് സ്കൂളിലേക്കും വെള്ളമെത്തി. അർധരാത്രിയോടെ ടിപ്പറിൽ സ്കൂളിൽനിന്ന് ആളുകളെ വാടാനപ്പള്ളി ആർ.സി.യു.പി സ്കൂൾ, അൽനൂർ ഐ.ടി.സി, ഈസ്റ്റ് സ്കൂൾ പഞ്ചായത്ത് സാംസ്കാരിക നിലയം എന്നിവിടങ്ങളിലേക്ക് മാറ്റി. വെള്ളം നിറഞ്ഞതോടെ മറ്റ് വാഹനങ്ങൾക്ക് കടക്കാൻ കഴിയാതെ മൂന്നു ടിപ്പറുകളിൽ ആളുകളെ മാറ്റുന്നത് 18ന് രാത്രി വരെ തുടർന്നു. വഞ്ചികളിലും ടിപ്പറുകളിലുമായി 2500 ലേറെ പേരെയാണ് രക്ഷപ്പെടുത്തിയത്. വെള്ളം കയറി വീടുകളിലെ സർവതും നശിച്ചു. ജീവനും കൊണ്ടുള്ള ഓട്ടത്തിനിടയിൽ പ്രധാനപ്പെട്ട രേഖകളും വില പിടിപ്പുള്ള സാധനങ്ങളും കൊണ്ടുപോകാനോ മുകളിൽ കയറ്റിവെക്കാനോ സമയം കിട്ടിയില്ല. ഇത്രയും വെള്ളം കയറുമെന്ന് ആരും ചിന്തിച്ചില്ല. സർവതും നശിച്ചതിെൻറ ആഘാതം ഇവർക്ക് താങ്ങാനാവാത്ത അവസ്ഥയാണ്. വെള്ളം ഇനിയും കുറയാൻ ദിവസങ്ങൾ എടുക്കും. കൈക്കുഞ്ഞുങ്ങളും വയോധികരും രോഗികളും ഉൾപ്പെടെ ക്യാമ്പിലുണ്ട്. പല വീടുകളും നിലംപൊത്താവുന്ന അവസ്ഥയാണ്. ക്യാമ്പ് വിട്ട് വീടുകളിൽ എത്തിയാലും വീടിെൻറ അവസ്ഥയും നാശനഷ്്്ടവുമാണ് ഇവരെ അലട്ടുന്നത്. യഥാസമയം ഭക്ഷണം കിട്ടുന്നത് മാത്രമാണ് ഇവർക്ക് ആശ്വാസം. വസ്ത്രങ്ങളും എത്തിത്തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.