പുഴയിറങ്ങിയ വഴിയേ കരപറ്റി മീരയുടെ സ്വപ്നം

മാള: വീട്ടുമുറ്റത്ത് മകളുടെ വിവാഹത്തിന് പന്തലിട്ടപ്പോൾ പൂവ്വത്തുശേരി വിരുത്തി രാജപ്പ​െൻറ ജീവിതത്തിലെ വലിയ ആഗ്രഹം നടപ്പാകുന്നതി​െൻറ സന്തോഷം മനസ്സി​െൻറ കരകവിഞ്ഞൊഴുകി. പക്ഷെ, കുതിച്ചെത്തിയ പുഴ വീടും മുറ്റത്തൊരുക്കിയ കല്യാണപ്പന്തലും തകർത്തെറിഞ്ഞപ്പോൾ ആ പിതാവി​െൻറ എത്രയോ കാലത്തെ ആഗ്രഹം കൂടിയാണ് മുക്കിക്കളഞ്ഞത്. കഴിഞ്ഞ 19നായിരുന്നു മകൾ മീരയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഒരുക്കമെല്ലാം പൂർത്തിയാക്കിയിരുന്നു. കുനമ്മാവ് ക്ലീറൻതറ മോഹൻദാസി​െൻറ മകൻ പ്രവാസിയായ വിഷ്ണുദാസായിരുന്നു വരൻ. പ്രളയത്തെത്തുടർന്ന് പ്രണരക്ഷാർഥം ഓടിയ ത‍​െൻറ പ്രതിശ്രുത വധുവിനേയും കുടുംബത്തേയും അന്വേഷിച്ച് വിഷ്്ണു പോകാത്ത സ്ഥലമില്ല. തിങ്കളാഴ്ചയാണ് വിഷ്്ണു മാളയിൽ എത്തിയത്. ദുരിതാശ്വാസ ക്യാമ്പുകൾ തോറും മണിക്കൂറുകൾ തേടിയലഞ്ഞ് ഒടുവിൽ മീരയേയും കുടുംബത്തേയും കണ്ടെത്തി. മാള ഹോളി ഗ്രേസ് കോളജിൽ ഒരുക്കിയ ക്യാമ്പിലാണ് ഇവർ കഴിഞ്ഞിരുന്നത്. കുടുംബസമേതം എത്തിയ വിഷ്ണുദാസ് മീരയേയും കുടുംബത്തേയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ചൊവ്വാഴ്ച്ച കൊരട്ടി ചിറങ്ങര ക്ഷേത്രത്തിൽ വിവാഹം നടത്തും. രണ്ട് ദിവസം കഴിഞ്ഞാൽ വിഷ്ണുദാസ് ജോലി സ്ഥലമായ ഒമാനിലേക്ക് പോകും. വീട് പുനർനിർമിക്കുന്നതു വരെ മീരയും കുടുംബത്തേയും ത​െൻറ വീട്ടിൽ താമസിപ്പിക്കാനുമാണ് തീരുമാനം. മാള ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ജോസ് കണ്ണമ്പിള്ളി വധൂ വരന്മാരെ മധുരം നൽകി യാത്രയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.