തൃശൂർ: രക്ഷാപ്രവർത്തനം ഉൗർജിതമാകുേമ്പാഴും മനുഷ്യ ജീവന് ഭീഷണിയായി മാള, കൊടുങ്ങല്ലൂർ മേഖലയിൽ ജലനിരപ്പ് ഉയരുന്നു. ജില്ലയിലെ കോൾനിലങ്ങളിലും വെള്ളപ്പൊക്കം കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്. വൈദ്യുതി വിതരണവും വാർത്താവിനിമയ സംവിധാനവും കാര്യക്ഷമമല്ലാത്തത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. മാള അന്നമനട, കുഴൂർ, പാലിശ്ശേരി, കൊച്ചുകടവ്, പൊയ്യ പ്രദേശങ്ങളിൽ സ്ഥിതി ഗുരുതരമാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ താമസക്കാരെപ്പോലും ഒഴിപ്പിക്കേണ്ട അവസ്ഥയുണ്ട്. രോഗം ബാധിച്ചും മറ്റും പ്രദേശത്തെ ക്യാമ്പുകളിൽ ചിലർ മരിച്ചതായി വിവരമുണ്ട്. ഇവിടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വി.ആർ. സുനിൽ കുമാർ എം.എൽ.എ കടുത്ത ഭീഷണി തൃണവൽഗണിച്ചാണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. വെള്ളം കയറി ചെറുപാലങ്ങൾ തകർന്നിട്ടുണ്ട്. ക്യാമ്പുകളിൽ വേണ്ടത്ര ഭക്ഷണവും മരുന്നും എത്തിയിട്ടില്ല. ജില്ലയിൽ ഇന്നലെ അഞ്ച് കോപ്ടറുകൾ രക്ഷാപ്രവർത്തനത്തിനും ഭക്ഷണ വിതരണത്തിനുമായി ഉണ്ടെങ്കിലും അപര്യാപ്തമാണ്. മാള കോട്ടമുറി-പാളയംപറമ്പ് റോഡ് നെടുകെ പിളർന്നു. മാള ഹോളി ഗ്രേസ് കേന്ദ്രീകരിച്ച് ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങിയവരെ ബോട്ടുകളിൽ ഒഴിപ്പിക്കുന്നുണ്ടെങ്കിലും അതും അപര്യാപ്തമാണ്. ഇതിനിടെ, കുഴൂരിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ബോട്ട് മറിഞ്ഞതായി വിവരമുണ്ട്. കൊടുങ്ങല്ലൂരും ജല ഭീഷണിയിലാണ്. ടൗണിലെ കിഴക്കേ നടയിൽ ഇന്നലെ ഉച്ചകഴിഞ്ഞതോടെ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. കടലേറ്റം ഉള്ളതിനാൽ വെള്ളം വലിഞ്ഞിട്ടില്ല. പ്രദേശത്ത് ജനജീവിതം അക്ഷരാർഥത്തിൽ സ്തംഭിച്ചു. ജില്ലയിലെ കോൾപാടങ്ങളിൽ ഭയാനകമായ രീതിയിൽ വെള്ളം ഉയർന്നിട്ടുണ്ട്. ഏനാമാവ് ബണ്ട് കര കവിഞ്ഞതാണ് പ്രധാന കാരണം. കോൾ മേഖലയിൽ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനവും രക്ഷാപ്രവർത്തനവും വേണ്ടത്ര എത്തിയിട്ടില്ല. ചാലക്കുടിയിൽ ശനിയാഴ്ച വെള്ളപ്പൊക്കത്തിന് നേരിയ അയവുണ്ട്. ഇതുവഴി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. എങ്കിലും പലയിടത്തായി കുടുങ്ങിയവർ രക്ഷതേടുകയാണ്. കോപ്ടർ മുഖേന ഇവരെ ഒഴിപ്പിക്കുകയും ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കുകയും ചെയ്യുന്നുണ്ട്. പോട്ട ധ്യാനകേന്ദ്രത്തിൽ രണ്ടു പേർ മരിച്ചതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ച വിവരമില്ല. തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തും വെള്ളമെത്തി. ജില്ലയിൽ കൂടുതൽ ക്യാമ്പുകൾ തുറക്കുന്ന അവസ്ഥയുണ്ട്. തൃശൂർ-പാലക്കാട് ദേശീയപാത തുറന്നിട്ടില്ല. ഷൊർണൂർ വഴി പാലക്കാേട്ടക്കും വടക്കാഞ്ചേരി, കുന്നംകുളം വഴി കോഴിക്കോേട്ടക്കും കെ.എസ്.ആർ.ടി.സി നാമമാത്ര സർവിസ് നടത്തുന്നുണ്ട്. അങ്കമാലി വരെയും ബസുകൾ അയക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദേശമംഗലം പള്ളത്തുണ്ടായ ഉരുൾപൊട്ടലിൽപെട്ട ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ മരണം നാലായി. കുറാഞ്ചേരി ഉരുൾപൊട്ടലിൽ മരിച്ച 18 പേരുടെ മൃതദേഹം സംസ്കരിച്ചു. ജില്ലയിൽ ഇന്നലെ മഴ കുറവായിരുന്നു. ശക്തമായ ജലപ്രവാഹത്തിൽ പഴയന്നൂരിനടുത്ത് ചീരക്കുഴി ഡാം തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.