മഴക്ക്​ നേരിയ ശമനം; രക്ഷാപ്രവർത്തനം ഉൗർജിതം

വ്യാഴാഴ്ച ഉരുൾപൊട്ടലുണ്ടായ വടക്കാഞ്ചേരി കുറാഞ്ചേരിയിൽ ആറു മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 18 ആയി. ഒരാൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. ദേശമംഗലം പള്ളം കൊറ്റമ്പത്തൂരാണ് വ്യാഴാഴ്ച ഉരുൾപൊട്ടിയ മറ്റൊരു പ്രദേശം. ഒരാളുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രണ്ട് മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായ ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച ചാലക്കുടിയിൽ വീട് ഇടിഞ്ഞുവീണ് വയോധികയായ അമ്മയും മകനും മരിച്ചു. െകാടുങ്ങല്ലൂർ ആല ഗോതുരുത്തിൽ യുവാവ് മുങ്ങി മരിച്ചു.മുള്ളൂർക്കര കാഞ്ഞിരശ്ശേരിയിൽ ഉരുൾപൊട്ടി മണ്ണിനടിയിൽപെട്ട് യുവാവ് മരിച്ചു. മുള്ളൂർക്കര കാഞ്ഞിരശ്ശേരി ചക്ക്യാത്ത് എഴുത്തച്ഛൻ വീട്ടിൽ ശിവശങ്കര​െൻറ മകൻ രാധാകൃഷ്ണനാണ് (38) മരിച്ചത്. ഒറ്റപ്പെട്ടുപോയ ചാലക്കുടിയിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ പ്രവർത്തനം ഉൗർജിതമാണ്. ഇന്നലെ രണ്ട് കോപ്ടർ രക്ഷാപ്രവർത്തനത്തിനും ഒരു കോപ്ടർ ഭക്ഷണ വിതരണത്തിനും എത്തിച്ചു. കോപ്ടറിൽ ഒഴിപ്പിച്ചവരെ തൃശൂർ കുട്ടനെല്ലൂരിലെ ക്യാമ്പിൽ എത്തിച്ചു. അതേസമയം, രക്ഷാപ്രവർത്തകരെയും ഭക്ഷണവും കാത്ത് ഇനിയും ആയിരക്കണക്കിനാളുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. ചാലക്കുടിയെപ്പോലെ തൃശൂർ നഗരവും ഒറ്റപ്പെട്ട അവസ്ഥ തുടരുകയാണ്. തൃശൂരിൽനിന്ന് പാലക്കാട്, കോഴിക്കോട്, ഗുരുവായൂർ, എറണാകുളം, ഷൊർണൂർ എന്നിവിടങ്ങളിലേക്കുള്ള പാതകളെല്ലാം അടഞ്ഞുതന്നെ. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് ഒരാൾ മരിച്ച മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാനിൽ മണ്ണു മാറ്റൽ തുടരുകയാണ്. ഗതാഗതം സുഗമമാവാൻ ഇനിയും ദിവസമെടുക്കും. പാലിയേക്കര, കൊടകര, ചാലക്കുടി എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറിയതാണ് എറണാകുളവുമായുള്ള ബന്ധം മുറിച്ചത്. ട്രെയിൻ ഗതാഗതവും പുനരാരംഭിച്ചിട്ടില്ല. കോഴിക്കോട് റോഡിൽ കേച്ചേരി-ചൂണ്ടൽ ഭാഗത്ത് വിള്ളൽ പ്രത്യക്ഷപ്പെട്ടു. സ്വകാര്യ ബസുകളും ഒാടുന്നില്ല. ഇന്ധനക്ഷാമം രൂക്ഷമാണ്. കടകൾ തുറക്കുന്നില്ല. നിത്യോപയോഗ സാധനങ്ങൾക്ക് ക്ഷാമം നേരിടുന്നുണ്ട്. ജീവനക്കാർക്ക് എത്താൻ കഴിയാത്തത് ആശുപത്രികളുടെ സേവനത്തെപ്പോലും ബാധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.