പൊലീസ് സ്​റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളായി മാറണം -മുഖ്യമന്ത്രി; കയ്പമംഗലം ​പൊലീസ് സ്​റ്റേഷന്‍ ഉദ്ഘാടനം ചെയ്​തു

കയ്പമംഗലം: പൊലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും അവ ജനസേവന കേന്ദ്രങ്ങളായി മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കയ്പമംഗലം പൊലീസ് സ്റ്റേഷന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് സുരക്ഷിതത്വവും സ്നേഹവുമാണ് പൊലീസിനെ കാണുമ്പോള്‍ ഉണ്ടാകേണ്ടത്. സുതാര്യ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം ദൃഢമാക്കണം. രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനപാലന സംസ്ഥാനം കേരളമാണ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും എസ്.എച്ച്.ഒമാരായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കും. സൈബര്‍ കേസുകള്‍ അന്വേഷിക്കാന്‍ എല്ലാ സ്റ്റേഷനുകളിലും വിദഗ്ധരായ ഉദ്യോഗസ്ഥരുണ്ടാവും. പൊലീസ് സ്റ്റേഷനുകള്‍ ഡിജിറ്റല്‍ ആക്കുന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തര കേരളവും മധ്യകേരളവും മഴക്കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന സമയത്ത് ഉദ്ഘാടനം മാറ്റിവെയ്ക്കാത്തത്‌, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പൊലീസ് സ്റ്റേഷ​െൻറ സേവനം പ്രയോജനപ്പെടുത്താനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് പൊലീസ് സ്റ്റേഷനുകള്‍, നാല് തീരദേശ പൊലീസ് സ്റ്റേഷനുകള്‍, പൊലീസ് സ്റ്റേഷന്‍ മന്ദിരങ്ങള്‍ എന്നിവയാണ് മുഖ്യമന്ത്രി ഒരേസമയം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തത്. കയ്പമംഗലത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഇ.ടി. ടൈസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇന്നസ​െൻറ് എം.പി മുഖ്യാതിഥിയായി. കെ.യു. അരുണന്‍ എം.എല്‍.എ, ജില്ല പൊലീസ് മേധാവി എം.കെ. പുഷ്കരന്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി, പഞ്ചായത്ത് പ്രസിഡൻറുമാരായ ടി.വി. സുരേഷ്, കെ.കെ. സച്ചിത്ത്, ബൈന പ്രദീപ്‌, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസ്‌ എന്നിവർ സംസാരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനില്‍ രണ്ട് എസ്.ഐ, രണ്ട് എ.എസ്.ഐ, ആറ് സീനിയര്‍ സി.പി.ഒ, 18 സി.പി.ഒ, രണ്ട് വനിത പൊലീസ്, ഒരു ഡ്രൈവര്‍, ഒരു സ്വീപ്പര്‍ എന്നിങ്ങനെ 32 തസ്തികകളാണുള്ളത്. എസ്.ഐ കെ.ജെ. ജിനേഷിനാണ് സ്റ്റേഷ​െൻറ ചുമതല. ആദ്യ പരാതി പനമ്പിക്കുന്നിലെ മോഷണം കയ്പമംഗലം: പൊലീസ് സ്റ്റേഷൻ നിലവിൽ വന്ന കയ്പമംഗലത്ത് ആദ്യ പരാതി പനമ്പിക്കുന്നിലെ മോഷണം. ഇവിടുത്തെ ജനസേവന കേന്ദ്രത്തിലാണ് മോഷണം നടന്നത്. മേശയില്‍ സൂക്ഷിച്ചിരുന്ന 6000 രൂപ നഷ്ടപ്പെട്ടു. തിങ്കളാഴ്ച രാവിലെ കടയുടമ ഇലമ്പലക്കാട്ട് ശ്രീദേവി സത്യശീലന്‍ സ്ഥാപനം തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കടയുടെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് കരുതുന്നു. കടക്കുള്ളിലെ ഫയലുകള്‍ എല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. കയ്പമംഗലം പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് എസ്.ഐ ജിനേഷും സംഘവും എത്തി അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.