തൃശൂർ/പട്ടിക്കാട്: കുതിരാന്‍ തുരങ്കത്തിന് സമീപം മണ്ണിടിച്ചില്‍ തുടരുന്നു. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ബുധനാഴ്ചയാണ് ഒന്നാം തുരങ്കത്തിെൻറ പ്രവേശന കവാടത്തിെൻറ മുകളിലേക്ക് മണ്ണിടിയാൻ തുടങ്ങിയത്. തുരങ്കത്തിന് മുകളില്‍ മലവെള്ളം തിരിച്ചു വിടാൻ സംവിധാനം ഒരുക്കാത്തതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് പറയുന്നു. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ വിലയിരുത്താൻ 16ന് കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. ദേശീയപാത അധികൃതരും തുരങ്ക നിർമാണ കമ്പനി പ്രതിനിധികളോടും യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതേസമയം, മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്ന പരാതികളെ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് ആക്ഷേപം ശക്തമായി. ദേശീയപാത നിര്‍മാണത്തിലെ ശാസ്ത്രീയതയും അപാകതകളും പരിശോധിക്കുകയും പഠന വിധേയമാക്കുകയും ചെയ്യണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തി. കുതിരാനിലെ തുരങ്കപാതയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലാണ് സുരക്ഷ സംബന്ധിച്ച ആശങ്ക ശക്തമാക്കുന്നത്. തുരങ്ക മുഖത്തെ മണ്ണും പാറക്കെട്ടുകളും പൊളിക്കണമെന്ന് കലക്ടര്‍ നിര്‍മാണ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും മാസങ്ങള്‍ക്കു മുമ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി വേണമെന്ന വാദമുയർത്തി നീട്ടിക്കൊണ്ടു പോവുകയായിരുന്നു. നിര്‍മാണം പൂര്‍ത്തിയായ മണ്ണുത്തി മേല്‍പാലത്തിലെ ലോക്ക് ഇഷ്ടിക കട്ടകളില്‍ വിള്ളല്‍ വരികയും ഇഷ്ടികകള്‍ പുറത്തേക്ക് തള്ളുകയും ചെയ്തതും ക്രമക്കേടിലെ ലക്ഷണമാണ്. ദേശീയപാതയുടെ നിര്‍മാണത്തിനിടെ പലപ്പോഴും ടാര്‍ ചെയ്തയിടങ്ങള്‍ പൊളിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ട സംഭവങ്ങളും നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കരാറിെൻറ ഭാഗമായി പാലിക്കേണ്ട നിർമാണത്തിെൻറ വീഡിയോ കലക്ടര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നേർക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി കത്ത് നൽകി. റോഡ് നിർമാണത്തിെൻറ ഓരോ ഘട്ടവും വീഡിയോയില്‍ പകര്‍ത്തി മൂന്നുമാസം കൂടുമ്പോള്‍ ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിക്കണമെന്നാണ് കരാർ. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ഇത്തരം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയും നൽകാനാവില്ലെന്നായിരുന്നു അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.