പരപ്പിൽതാഴം മാലിന്യ സംസ്കരണശാല: സോഫിയയുടെ നിരാഹാരം നാലാം ദിവസത്തിലേക്ക്; ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധി സംഘടനകളും നേതാക്കളും

ചാവക്കാട്: പരപ്പിൽതാഴം മാലിന്യ സംസ്കരണശാല വിഷയത്തിലെ അധികൃതരുടെ മൗനത്തിൽ പ്രതിഷേധിച്ച് നിയമ വിദ്യാർഥിനി സോഫിയ മിഥുൻ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. ചാവക്കാട് നഗരസഭയുടെ കീഴിലുള്ള പരപ്പിൽ താഴം മാലിന്യ സംസ്കരണ പ്ലാൻറിന് സമീപം താമസിക്കുന്ന സോഫിയ അധികം ആരെയും അറിയിക്കാതെ ആരംഭിച്ച സമരത്തിന് പിന്തുണ വർധിക്കുകയാണ്. നിരാഹാരം മൂന്ന് ദിവസമായിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. അറക്കൽ രതികുമാറി​െൻറ മകൻ മിഥു​െൻറ ഭാര്യയായ സോഫിയ കണ്ണൂർ ലോ കോളജ് മൂന്നാം വർഷ നിയമ ബിരുദ വിദ്യാർഥിനിയാണ്. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും ദുർഗന്ധമുയർത്തുന്ന സംസ്കരണശാലയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നില്ലെന്ന് സോഫിയ പറഞ്ഞു. പ്രദേശത്തെ നിരവധി പേർക്ക് ചർമരോഗവും ശ്വാസകോശ രോഗവും സ്ഥിരമാണ്. സംസ്കരണ ശാലക്ക് സമീപം പ്രത്യേക പന്തലൊരുക്കിയാണ് സമരം. സംസ്കരണശാല പൂട്ടുക, പ്രദേശവാസികൾക്കായി ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുക, പരിസരവാസികളായ രോഗികളെ പുറത്തുനിന്നുള്ള ഏജൻസിയെക്കൊണ്ട് പരിശോധിപ്പിക്കുക, മാലിന്യം കാനയിലൂടെ ഒഴുകി മത്തിക്കായലിലെത്താൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും എതിരെ നടപടിയെടുക്കുക, കാനകൾ ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എഴുത്തുകാരൻ ബാലചന്ദ്രൻ വടക്കേടത്ത്, ചക്കംകണ്ടം സമരസമിതി നേതാവ് നൗഷാദ് തെക്കുമ്പുറം, ദേശീയപാത സംരക്ഷണ സമിതി അധ്യക്ഷൻ ഷറഫുദ്ദീൻ മുനക്കക്കടവ്, വിവിധ സംഘടന പ്രതിനിധികളായ സി.എച്ച്. റഷീദ്, സി.എൻ. ഗോപപ്രതാപൻ, കെ.വി. ഷാനവാസ്, കെ.കെ. ഹംസക്കുട്ടി, എ.കെ. അബ്ദുല്‍ കരീം, ലത്തീഫ് പാലയൂര്‍, ഫൈസല്‍ കാനാപുള്ളി, പി.കെ. അബൂബക്കര്‍, കെ.എം. ഉമ്മര്‍, ഷജീര്‍ പുന്ന, റിയാസ് ചാവക്കാട്, അനസ്, പി.എം. ഷാഹു ബ്ലാങ്ങാട്, റാഫി ആലുങ്ങല്‍, അക്ബർ കോനേത്ത്‌, കെ.വി. സത്താർ, എച്ച്.എം. നൗഫൽ, മനാഫ് പാലയൂർ, അഷ്കർ അലി തിരുവത്ര, ഹനീഫ് ചാവക്കാട്, ബക്കർ തിരുവത്ര, സബൂർ രാജൻ പനക്കൽ, പി.ടി. ഷൗക്കത്ത്‌, അസ്മത്തലി, സഫർഖാൻ, നഗരസഭ കൗൺസിലർമാരായ കെ.എസ്. ബാബുരാജ്, സൈസൻ മാറോക്കി, പി.വി. പീറ്റർ എന്നിവർ സമരപ്പന്തലിലെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.