തീരത്ത്​ പ്രതീക്ഷയുടെ ചാകര

ചാവക്കാട്: യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രി അവസാനിച്ചതോടെ മനസ്സു നിറയെ പ്രതീക്ഷ‍കളുമായി മത്സ്യത്തൊഴിലാളികൾ ബോട്ടുകളും വലകളുമായി തീരംവിട്ടു. ചാകര ലക്ഷ്യമാക്കി മുനക്കക്കടവ് ഹാര്‍ബറില്‍ നിന്നുള്ള അമ്പതോളം ബോട്ടുകളാണ് ആലപ്പുഴയിലെ കായംകുളത്തേക്കും കൊല്ലം ജില്ലയിലെ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളിലേക്കും പുറപ്പെട്ടത്. ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗത്തെ കടലില്‍ മത്സ്യ ലഭ്യത കുറവായതിനാല്‍ ഈ സീസണ്‍ മറ്റു ജില്ലകളില്‍ ചെലവഴിച്ച് സെപ്റ്റംബറിലാണ് ഇവർ മടങ്ങുക. മുനക്കക്കടവ് ഫിഷ് ലാൻഡിങ് സ​െൻറർ കേന്ദ്രീകരിച്ച് പണിയെടുക്കുന്ന ബോട്ടുകാർക്കും ആയിരത്തോളം വരുന്ന അനുബന്ധതൊഴിലാളികള്‍ക്കും കഷ്ടപ്പാടി​െൻറ ദിനരാത്രങ്ങളായിരുന്നു ഇക്കഴിഞ്ഞ രണ്ട് മാസത്തോളം കാലം. പതിവായി ജൂൺ 14ന് രാത്രി ആരംഭിച്ച് 47 ദിവസം കഴിഞ്ഞ് ജൂലൈ 31ന് അവസാനിക്കുന്ന ട്രോളിങ് ഇക്കുറി അഞ്ച് ദിവസം മുമ്പേ എട്ടിന് രാത്രി മുതലാണ് ആരംഭിച്ചത്. മൊത്തം 52 ദിവസം കഴിഞ്ഞ് പതിവ് പോലെ ജൂലൈ 31ന് അർധരാത്രിയാണ് ബോട്ടുകൾ കടലിലിറക്കിയത്. റമാദാൻ വ്രതാനുഷ്ഠാനവും പെരുന്നാളും ട്രോളിങ് നിരോധന കാലത്തായത് തൊഴിലാളികളെ കണ്ണീരിലാക്കി. മറ്റു ഭാഗങ്ങളിൽ ചെമ്മീൻ ചാകരയിൽ മത്സ്യത്തൊഴിലാളികൾ സന്തുഷ്ടരായപ്പോൾ മുനക്കക്കടവിൽ കടൽക്ഷോഭമുണ്ടായതിനാൽ ട്രോളിങ് നിരോധനത്തിനു കുറേ ദിവസങ്ങൾക്ക് മുമ്പ് തന്നെ ബോട്ടുകളിറക്കാൻ കഴിഞ്ഞിരുന്നില്ല. അടിക്കടിവന്ന കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ കടൽ ക്ഷോഭവും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും തൊഴിലാളികളെ ഏറെ വലച്ചു. കടൽ ഇപ്പോൾ ശാന്തമായാണ് പുറംകാഴ്ചയിൽ അനുഭവപ്പെടുന്നതെങ്കിലും സ്വഭാവ മാറ്റം എപ്പോഴും സംഭവിക്കാമെന്നാണ് ചൊവ്വാഴ്ചയും അധികൃതർ നൽകിയ കാലാവസ്ഥ മുന്നറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്. മുനക്കക്കടവിലെ ബോട്ടുടമകൾക്ക് ചൊവ്വാഴ്ച വൈകിട്ട് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പ് വകവെക്കാതെ രാത്രി പുറപ്പെടുമെന്ന് ബോട്ടുടമകളും തൊഴിലാളികളും അറിയിച്ചിട്ടുണ്ട്. മുനക്കക്കടവിൽ നിന്ന് പുറപ്പെട്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനിടയിൽ സാഹചര്യമുണ്ടായാൽ വലയിടുമെന്നും ഉടമകൾ പറഞ്ഞു. ബുധനാഴ്ച ഉച്ചയാകുമ്പോഴേക്കും ബോട്ടുകൾ അവിടെയെത്തുമെന്നും ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് കടലിൽ ഇറങ്ങുന്നതെന്നും ബോട്ടുടമ റസാഖ് പോക്കാക്കില്ലത്ത് പറഞ്ഞു. കാത്തിരുന്ന ട്രോളിങ് നിരോധനം കഴിഞ്ഞും മുനക്കക്കടവിൽ നിന്ന് ബോട്ടുകൾ പോകുന്നതോടെ വീണ്ടും പ്രയാസത്തിലാകുന്നത് അനുബന്ധ തൊഴിലാളികളാണ്. പലരും ട്രോളിങ് നിരോധനത്തിനു മുമ്പു തന്നെ മറ്റുതൊഴില്‍ തേടി പലഭാഗങ്ങളിലേക്കും പോയിരുന്നു. ഇവരില്‍ ബോട്ടുകാര്‍ പിടിച്ചുകൊണ്ടുവരുന്ന ചെമ്മീനും മീനും മറ്റു വസ്തുക്കളുമൊക്കെ വേര്‍തിരിക്കുന്ന ജോലിയുമായിക്കഴിയുന്ന നൂറ്റമ്പതോളമുള്ള സ്ത്രീകള്‍ മറ്റു തൊഴിലുകളില്ലാതെ കഷ്ടപ്പാടിലാണ്. പുരുഷന്‍മാരെ പോലെ ഇവര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ ജോലിക്കു പോകാനാവില്ല. ഹാര്‍ബര്‍ പരിസരത്ത് തമ്പടിക്കുന്ന നിരവധി വള്ളക്കാരുണ്ടെങ്കിലും ഇവര്‍ മത്സ്യവുമായി കരക്കെത്തുന്നത് മറുകരയായ ചേറ്റുവ ഹാര്‍ബറിലാണ്. കടൽക്ഷോഭവും ട്രോളിങ് നിരോധനവുമൊക്കെ വന്ന് തൊഴിലാളികൾ കഷ്ടപ്പെടുമ്പോഴും സർക്കാർ തലത്തിൽ നിന്ന് സൗജന്യ റേഷൻ ഉൾെപ്പടെയുള്ള സഹായമൊന്നുമുണ്ടാകാറില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.