ആരവ രുചി നിറച്ചൊരു പൂരക്കഞ്ഞി

തൃശൂർ: രണ്ട് നാൾ നാടിനൊപ്പം പൂരത്തി​െൻറ സർവസ്വവും ആവാഹിച്ചു നടന്നവരെല്ലാം പൂരക്കഞ്ഞിയും കുടിച്ചു സംതൃപ്തിയോടെ മടങ്ങി. പൂരത്തി​െൻറ ഭാഗമാകുന്നവർക്കെല്ലാം പകൽപൂര നാളിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് പൂരക്കഞ്ഞി നൽകുന്നത്. മുതിരപ്പുഴുക്ക്, മാമ്പഴ പുളിശേരി, മോരു കറി, ചെത്തുമാങ്ങ അച്ചാർ, പപ്പടം എന്നിവയും മട്ട അരി കൊണ്ടുള്ള കഞ്ഞിയുമാകുമ്പോൾ പൂരക്കഞ്ഞി ഉഷാർ. പകല്‍പ്പൂരം കഴിഞ്ഞ് ശ്രീമൂലസ്ഥാനത്ത് ഭഗവതിമാര്‍ ഉപചാരം ചൊല്ലുമ്പോള്‍ തന്നെ പൂരക്കഞ്ഞി കുടിക്കാനുള്ളവരുടെ നീണ്ട നിര ദൃശ്യമായി. പാറമേക്കാവി​െൻറ അഗ്രശാലയിലും തിരുവമ്പാടി ദേവസ്വം ഷൊര്‍ണൂര്‍ റോഡിലെ കൗസ്തുഭം ഓഡിറ്റോറിയത്തിലുമാണ് പൂരക്കഞ്ഞിയൊരുക്കിയത്. മട്ടയരിക്കഞ്ഞിയും മുതിരപ്പുഴുക്കും മോരുകറിയും ചെത്ത്മാങ്ങ അച്ചാറുമായിരുന്നു തിരുവമ്പാടി വിഭാഗം പാളയില്‍ വിളമ്പിയത്. പ്ലാവിലതവിയിൽ ആസ്വദിച്ച് കോരിക്കുടിക്കുമ്പോൾ പൈതൃകത്തി​െൻറ ഗൃഹാതുരത്വവും ഓടിയെത്തും. പാറമേക്കാവി​െൻറ പൂരക്കഞ്ഞിയിൽ മാമ്പഴ പുളിശേരി ഇടം നേടി. കലക്ടർ എ. കൗശിഗൻ, ഐ.ജി എം.ആർ. അജിത്കുമാർ, സിറ്റി പൊലീസ് കമീഷണർ രാഹുൽ ആർ. നായർ തുടങ്ങി ക്രമസമാധാനപാലത്തിന് ചുക്കാൻ പിടിച്ചവരും പൂരക്കഞ്ഞി നുകരാനെത്തി. അഗ്രശാലയിലും കൗസ്തുഭം ഓഡിറ്റോറിയത്തിലും പൂരക്കഞ്ഞി കുടിക്കാനെത്തിയവരുടെ നീണ്ട നിരയാണ് ദൃശ്യമായത്. രണ്ടു നാളത്തെ പൂരാവേശത്തിനു സംതൃപ്തി കിട്ടണമെങ്കിൽ പൂരക്കഞ്ഞി കൂടിയേ തീരുവെന്നാണ് പൊതു അഭിപ്രായം. വയറു നിറയെ കുടിക്കുന്നതുവരെ വിളമ്പിത്തരാൻ നിറപുഞ്ചിരിയോടെ നിൽക്കുന്ന ആതിഥേയരും സംസ്കാരത്തി​െൻറ മൂല്യം ഉൗട്ടിയുറപ്പിക്കുന്നു. അടുത്ത പൂര നാൾ വരെ മനസ്സിൽ മായാതെ നിൽക്കുന്ന കാഴ്ചകളിലേക്കാണ് തൃശൂരി​െൻറ മാത്രം പൂരക്കഞ്ഞിയും കൂട്ടിക്കൊണ്ടുപോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.