മാള: ജലനിധി പദ്ധതിയിൽ വാട്ടര്‍ അതോറിറ്റിയുടേതിനേക്കാൾ ഉയര്‍ന്ന വെള്ളക്കരമെന്ന് പരാതി. ഉപഭോക്താക്കൾ പരാതി നൽകിയിട്ടും നിരക്ക് കുറക്കാൻ അധികൃതർ തയാറായിട്ടില്ല. പതിനായിരം ലിറ്ററിന് 22 രൂപ മിനിമം വാട്ടർ അതോറിറ്റിക്ക് നല്‍കണമെങ്കിൽ ജലനിധിയിൽ ഇതിന് 140 രൂപയാണ് നല്‍കേണ്ടത്. വാട്ടര്‍ അതോറിറ്റി നല്‍കുന്ന വെള്ളത്തിെൻറ നിരക്ക് കുറച്ചാല്‍ മാത്രമെ നിരക്ക് കുറക്കാന്‍ കഴിയൂ എന്നാണ് ജലനിധിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. നിരക്ക് കുറക്കുന്നതിന് വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി അധികൃതർ പറയുന്നു. പക്ഷെ, നിരക്ക് കുറക്കൽ നിലവിൽ വന്നിട്ടില്ല. ജലനിധിയിൽ 28,650 ഉപഭോക്താക്കളാണുള്ളത്. ഇവരില്‍ 11,000 പേര്‍ നേരത്തെ വാട്ടര്‍ അതോറിറ്റിയുടെ ഉപഭോക്താക്കളായിരുന്നു. കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റിയുടെ വൈന്തലയിലെ പ്ലാൻറില്‍ ദിനേന 14 ലക്ഷം ലിറ്റര്‍ വെള്ളമാണ് ശുദ്ധീകരിക്കുന്നത്. ഇതിൽ പത്ത് ലക്ഷം ലിറ്റര്‍ വെള്ളം മാത്രമാണ് ജലനിധിയുടെ ഇപ്പോഴത്തെ കണക്കില്‍പെടുന്നത്. കൃത്യമായ വിതരണം നടത്താൻ ജലനിധിക്കാവുന്നിെല്ലന്ന പരാതിയും ശക്തമാണ്. ജലവിതരണത്തിലെ ചോര്‍ച്ചയാണ് ഇതിന് കാരണമായി പറയുന്നത്. ജലനിധിയുടെ കുടിവെള്ള പദ്ധതിയായ മാള മള്‍ട്ടി ജി.പി പദ്ധതിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുന്ന വിധമാണ് വെള്ളം ചോരുന്നത്. ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധീകരിച്ച വെള്ളമാണ് കണക്കില്‍ പെടാതെ പാഴാകുന്നത്. ചോർച്ച തടയാനായാല്‍ ജലവിതരണം സുഗമമാക്കാനാകുമെന്നാണ് ജലനിധിയുടെ തന്നെ ഉദ്യോഗസ്ഥർ പറയുന്നത്. ഉപഭോക്താക്കൾ വെള്ളം അനധികൃതമായി ഉപയോഗിക്കുന്നത് കണ്ടെത്താൻ അധികൃതർക്ക് കഴിയുന്നിെല്ലന്ന പരാതിയുമുണ്ട്. ഭൂമിക്കടിയില്‍ വലിയ ടാങ്കുകള്‍ നിർമിച്ച് പോലും ചിലർ വെള്ളം സംഭരിക്കുന്നതായി ആക്ഷേപമുണ്ട്. വെള്ളം കിണറുകളിലേക്ക് തുറന്നുവിടുന്നവരും കുറവല്ല. പലരുടെയും മീറ്ററുകള്‍ പ്രവര്‍ത്തനക്ഷമമല്ല. ഉടമകളാണ് മീറ്റര്‍ മാറ്റേണ്ടതെങ്കിലും പ്രശ്‌ന പരിഹാരത്തിനായി ജലനിധി തന്നെ ഇവ മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് തുടക്കമാവും. പദ്ധതി പ്രവര്‍ത്തനം ആരംഭിച്ച് ഒരുവര്‍ഷം ജലനിധി മേല്‍നോട്ടം വഹിക്കുകയും പ്രവര്‍ത്തനം സാധാരണഗതിയിലാകുന്നതോടെ കൈമാറുകയുമാണ് പതിവ്. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കീംലെവല്‍ കമ്മിറ്റികള്‍ക്കാണ് ഇവ കൈമാറുക. മാളയില്‍ വരുന്ന ജൂണില്‍ ജലനിധിയുടെ മേല്‍നോട്ടത്തിന് ഒരുവര്‍ഷം പൂര്‍ത്തിയാവും. ഈ കാലയളവില്‍ പദ്ധതിയുടെ പ്രവര്‍ത്തനം സാധാരണഗതിയിലേക്ക് എത്തില്ലെന്നുറപ്പാണ്. അതിനാല്‍ 'എല്ലാവര്‍ക്കും എല്ലായ്പ്പോഴും കുടിവെള്ളം ലഭ്യമാക്കുക' എന്ന ജലനിധി പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം ജലരേഖയാവുകയാണ്. ജലവിതരണത്തിലെ വാട്ടര്‍ അതോറിറ്റിയുടെ അപാകതകൾക്ക് പകരമായാണ് 85 കോടി രൂപ മുടക്കി ജലനിധി പദ്ധതി ആരംഭിച്ചത്. ശുദ്ധീകരണശാലയുടെ ശേഷി വർധിപ്പിക്കല്‍, പുതിയ പമ്പിങ് മെയില്‍ സ്ഥാപിക്കല്‍, പഞ്ചായത്ത് തോറും ജലസംഭരണികള്‍ നിർമിക്കല്‍, പുതിയ കണക്ഷനുകള്‍ നല്‍കല്‍ എന്നിവയെല്ലാം പൂര്‍ത്തിയായി. കഴിഞ്ഞ 10 മാസമായി ജലനിധിയാണ് കുടിവെള്ള വിതരണം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നത്. ജലനിധി വിതരണം ഏറ്റെടുത്തിട്ടും എല്ലായ്‌പ്പോഴും വെള്ളമെന്ന പ്രഖ്യാപനം സാധ്യമാകാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടി കണ്ടെത്താനായിട്ടില്ല. കുഴൂര്‍, അന്നമനട പഞ്ചായത്തുകളില്‍ മാത്രമാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയുന്നത്. മാള പഞ്ചായത്തില്‍ മൂന്ന് ദിവസത്തില്‍ ഒരിക്കലാണ് വെള്ളമെത്തുന്നത്. പുത്തന്‍ചിറ, പൊയ്യ, വെള്ളാങ്ങല്ലൂര്‍ എന്നീ പഞ്ചായത്തുകളില്‍ നാല് ദിവസത്തില്‍ ഒരിക്കലാണ് വെള്ളം ലഭിക്കുന്നത്. പൊതു ടാപ്പുകളുടെ പുനർനിർമാണവും കുറ്റമറ്റതല്ല. ടാപ്പുകളിലൂടെ വർധിച്ച തോതിൽ ജലം പാഴാവുന്നുണ്ട്. മീറ്ററുകള്‍ സ്ഥാപിക്കാത്തതിനാല്‍ പഞ്ചായത്ത് പ്രദേശങ്ങളിലെ പൊതുടാപ്പുകളിൽ ഉപയോഗിക്കുന്ന വെള്ളം കണക്കാക്കാന്‍ സാധിക്കുന്നില്ല. ആറ് പഞ്ചായത്തുകളിലായി 1250 പൊതുടാപ്പുകളാണുള്ളത്. ഇവയില്‍ 700 എണ്ണം ഉപേക്ഷിച്ചിട്ടുണ്ട്. പൊതുടാപ്പുകളിലൂടെ ഉപയോഗിക്കുന്ന വെള്ളത്തിെൻറ പണം അതത് പഞ്ചായത്തുകളാണ് നല്‍കേണ്ടത്. പഞ്ചായത്തുകള്‍ പണം അടക്കാന്‍ തയാറുള്ള പൊതുടാപ്പുകള്‍ മീറ്റര്‍ സ്ഥാപിച്ച് നിലനിർത്താനാണ് ജലനിധി തീരുമാനം. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ പാഴാകുന്ന വെള്ളം കുറക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. ജലവിതരണത്തിനായി സ്ഥാപിച്ച ജലനിധി പൈപ്പുകള്‍ തകരാറിലാവുന്നതും തലവേദനയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.