ഭക്തരെ സർക്കാർ വെല്ലുവിളിക്കുന്നു -എംപ്ലോയീസ് യൂനിയൻ കോൺഗ്രസ് ഗുരുവായൂർ: ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ നിയമനത്തിൽ അനാവശ്യ പിടിവാശി കാട്ടി ഭക്തരെ സർക്കാർ വെല്ലുവിളിക്കുകയാണെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് യൂനിയൻ കോൺഗ്രസ് ആരോപിച്ചു. കാലാവധി പൂർത്തിയായ അഡ്മിനിസ്ട്രേറ്റർക്ക് പകരം പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനോ യോഗ്യതയുള്ള ഉദ്യോഗസ്ഥന് പകരം ചുമതല നൽകാനോ തയ്യാറാവാതെ ദേവസ്വത്തിൽ പ്രതിസന്ധി സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഏകാദശി, ചെമ്പൈ സംഗീതോത്സവം, ശബരിമല സീസൺ എന്നിവ തുടങ്ങാനിരിക്കെ ദേവസ്വത്തെ നാഥനില്ല കളരിയാക്കി മാറ്റുകയാണ് സർക്കാർ. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, പ്രമോഷൻ എന്നിവയും ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള ചന്ദനം, പഞ്ചസാര എന്നിവയുടെ വിതരണവും പ്രതിസന്ധിയിലാണ്. സർക്കാറിെൻറ നടപടി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും യൂനിയൻ വൈസ് പ്രസിഡൻറ് കെ. പ്രദീപ്കുമാർ പ്രസ്താവനയിൽ ആരോപിച്ചു. പ്രതിസന്ധി സൃഷ്ടിച്ചത് ഭരണ സമിതി -എംപ്ലോയീസ് ഫെഡറേഷൻ ഗുരുവായൂർ: അഡ്മിനിസ്ട്രേറ്റർക്ക് കാലാവധി നീട്ടിനൽകിയ സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിച്ച് ദേവസ്വത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത് ഭരണസമിതിയാണെന്ന് സി.പി.ഐ അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ ആരോപിച്ചു. തങ്ങളുടെ സ്വാർഥ താൽപര്യങ്ങൾക്കൊപ്പം നിൽക്കാത്തതിനാലാണ് അഡ്മിനിസ്ട്രേറ്ററെ തുടരാൻ അനുവദിക്കരുതെന്ന് ഭരണ സമിതി ആവശ്യപ്പെടുന്നത്. അഡ്മിനിസ്ട്രേറ്ററുടെ കാലാവധി നീട്ടിയതിനെ രണ്ട് മാസം കൂടി മാത്രം കാലാവധിയുള്ള ഭരണ സമിതി എതിർക്കുന്നതും ക്ഷേത്ര ചടങ്ങുകളും ചെമ്പൈ സംഗീതോത്സവവും അട്ടിമറിക്കാൻ ശ്രമിക്കുന്നതും അഴിമതികളിൽ നിന്ന് ഭക്തജനശ്രദ്ധ തിരിക്കാനാണ്. റെയിൽവേ നിയമനത്തിെൻറ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ ചെയർമാൻ പ്രതിയാണെന്നതും ഫെഡറേഷൻ നേതൃത്വം ചൂണ്ടിക്കാട്ടി. പ്രസിഡൻറ് വി.ബി. സാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. തിലകൻ, എൻ. രമേശൻ, കെ. ഗോപി, എൻ. ശ്രീകുമാർ, കെ. ശിവശങ്കരൻ, പി.സി. രാജീവ് വർമ, എ.എം. സതീന്ദ്രൻ, വി.എം. സുധാകരൻ, പി.കെ. മോഹനൻ എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്ററെ എതിർക്കുന്നത് അഴിമതി പുറത്തുവരുമെന്നതിനാൽ -എംപ്ലോയീസ് ഓർഗനൈസേഷൻ ഗുരുവായൂർ: നിലവിലെ അഡ്മിനിസ്ട്രേറ്റർ എന്തുകൊണ്ട് തങ്ങൾക്ക് അനഭിമതനായെന്ന് ദേവസ്വം ഭരണ സമിതി തുറന്നുപറയണമെന്ന് സി.പി.എം അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ. അഴിമതിക്കഥകൾ പുറത്തുവരുമെന്ന ഭയം കാരണമാണ് ഭരണ സമിതി അഡ്മിനിസ്ട്രേറ്റർ തുടരുന്നതിനെ എതിർക്കുന്നതെന്ന് ഓർഗനൈസേഷൻ പ്രസിഡൻറ് കെ. രമേശനും സെക്രട്ടറി സി. രാജനും പ്രസ്താവനയിൽ ആരോപിച്ചു. ചെമ്പൈ സംഗീതോത്സവം പ്രതിസന്ധിയിലാണെന്ന് പറയുന്നവർ ഒക്ടോബർ മൂന്നിന് ചേരാൻ തീരുമാനിച്ച സംഗീതോത്സവവുമായി ബന്ധപ്പെട്ട യോഗം എന്ത് കാരണത്താലാണ് മാറ്റിവെച്ചതെന്ന് വ്യക്തമാക്കണം. ജീവനക്കാരുടെ പ്രമോഷൻ, റിട്ടയർമെൻറ് ആനുകൂല്യങ്ങൾ തുടങ്ങിയവ അടങ്ങിയ നൂറ് കണക്കിന് ഫയലുകൾ കെട്ടിക്കിടക്കുന്നതിന് ഇടയാക്കിയത് അഡ്മിനിസ്ട്രേറ്ററുടെ കാലാവധി നീട്ടിയതിനെ എതിർത്ത ഭരണ സമിതിയുടെ നിലപാടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.