തൃശൂർ: സിറ്റി പൊലീസിെൻറ ലഹരി വിരുദ്ധ പദ്ധതിയായ 'വേണ്ട ബ്രോ'കാമ്പയിന് സോഷ്യല്‍ മീഡിയയിലും വന്‍ പ്രചാരണം. ലിംഗ വ്യത്യാസമില്ലാതെ ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നെന്ന് കണ്ടെത്തിയതോടെയാണ് ബോധവത്കരണ പരിപാടികള്‍ ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. സിറ്റി പൊലീസ് കമീഷണര്‍ രാഹുല്‍ ആർ. നായരാണ് 'വേണ്ട ബ്രോ' എന്ന പേരില്‍ ലഹരിവിരുദ്ധ കാമ്പയിൻ ജില്ല ഭരണകൂടത്തിന് മുന്നിൽ അവതരിപ്പിച്ചത്. സർക്കാറിെൻറ അനുമതി ലഭിച്ചതോടെ വേഗത്തിലായിരുന്നു പരിപാടികൾ. നഗരത്തിലെ വിവിധ സ്റ്റേഷനുകളിലെ കലാകാരന്‍മാരായ നാല്‍പതോളം പൊലീസുകാരെ ഉള്‍പ്പെടുത്തി ഫ്ലാഷ് മോബിനുള്ള നൃത്ത പരിശീലനം നല്‍കി. പതിനഞ്ച് ദിവസമായിരുന്നു പരിശീലനം. പ്രധാനസ്ഥലങ്ങളില്‍ ലഹരിവിരുദ്ധ പ്രചാരണഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫ്ലാഷ് മോബ് അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിനോടൊപ്പം ലഹരി മാഫിയകളെ പിടികൂടുന്നതിന് പൊതു സമൂഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാർഥികള്‍ക്ക് പുറമേ ഓട്ടോ ഡ്രൈവർമാർ, ചുമട്ടു തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർ പ്രചാരണ പരിപാടിയിൽ പങ്കാളികളായി. കാമ്പസുകളിലാണ് പ്രധാന പ്രചാരണം. പരിപാടി രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ഹോട്ടൽ മുറിയിൽ ലഹരിയുപയോഗിച്ച യുവതിയുൾപ്പെടെയുള്ള ആറംഗ സംഘത്തെ പിടികൂടിയത് പദ്ധതിയുടെ വിജയമായി പൊലീസ് വിലയിരുത്തുന്നു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ജില്ലയിൽ നിന്നുള്ള മന്ത്രിമാരും കലക്ടറും പൊലീസ് മേധാവിമാരും ജനപ്രതിനിധികളുമടക്കമുള്ളവരെ ഉൾപ്പെടുത്തിയുള്ള വീഡിയോ പ്രചാരണവും ചലച്ചിത്ര താരങ്ങളുടെ ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ലഹരി വിരുദ്ധ സന്ദേശവുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.