കയ്പമംഗലം (തൃശൂർ): പെരിഞ്ഞനം കുറ്റിലക്കടവിലെ കുരുന്നുകള്‍ക്കും നാട്ടുകാര്‍ക്കും അക്ഷര വെളിച്ചമേകുകയാണ് ഈ ഭവന വായനശാല. നടന്നുവരാന്‍ വഴിപോലുമില്ലാത്ത ഇടുങ്ങിയ വീട്ടില്‍ വായനയുടെ ലോകം തുറന്നത് പണ്ടാരപറമ്പില്‍ ജയപാലെൻറ മകള്‍ രേഷ്മയാണ്. പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസില്‍നിന്ന് വി.എച്ച്.എസ്.ഇ പാസായ ഈ മിടുക്കി പെരിഞ്ഞനം പഞ്ചായത്തില്‍ കുടുംബശ്രീ റിസോഴ്സ് പേഴ്സനാണ്. മൂന്നുവര്‍ഷം മുമ്പാണ് ഭവന വായനശാലയുടെ ആശയം മുളപൊട്ടുന്നത്. എന്‍.എസ്.എസിനു കീഴില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിെൻറ സ്മരണക്കായി സംസ്ഥാനമൊട്ടാകെ വീട്ടുലൈബ്രറികള്‍ തുടങ്ങാന്‍ നിർദേശമുണ്ടായിരുന്നു. പ്രോഗ്രാം കോഒാഡിനേറ്റര്‍ കാര്യമറിയിച്ചപ്പോള്‍ ആദ്യം കൈപൊക്കിയത് രേഷ്മയായിരുന്നു. കുഞ്ഞുനാളിലെ പുസ്തകത്തെ പ്രണയിച്ച രേഷ്മക്ക് കളിപ്പാട്ടങ്ങളെക്കാളേറെ അച്ഛന്‍ വാങ്ങിക്കൊടുത്തത് പുസ്തകങ്ങളാണ്. ലൈബ്രറി തുടങ്ങാന്‍ തീരുമാനിച്ചതോടെ ചെറിയ വരുമാനക്കാരനായ അച്ഛന്‍, പണം കടമെടുത്ത് 30,000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങി നല്‍കി. അധ്യാപകരും എന്‍.എസ്.എസ് യൂനിറ്റും സഹകരിച്ചപ്പോൾ പുസ്തകങ്ങളുടെ എണ്ണം നാനൂറിലെത്തി. 2016ല്‍ ജില്ലയിലെ ഏറ്റവും നല്ല വീട്ടുലൈബ്രറിയായി തിരഞ്ഞെടുക്കപ്പെട്ടു. 'സുബോധം 1000 വിങ്സ് ഓഫ് ഫയര്‍' എന്ന്‍ പേരിട്ട ലൈബ്രറി പദ്ധതിയുടെ ഭാഗമായി 2016ലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് രേഷ്മ തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണാനും രാഷ്ട്രപതി ഭവനിലെ വിരുന്നില്‍ പങ്കെടുക്കാനും ഭാഗ്യമുണ്ടായി. ഇന്ന് ആഴ്ചയില്‍ അമ്പതോളം കുട്ടികള്‍ സന്ദര്‍ശിക്കുന്ന, 850ലധികം പുസ്തകങ്ങളുള്ള ലൈബ്രറിയാണിത്. ഒന്നു മുതല്‍ പ്ലസ്ടു വരെ ക്ലാസുകളിലുള്ള കുട്ടികളും അയല്‍വാസികളായ അമ്മമാരും പുസ്തകം തേടിയെത്തുന്നു. കുട്ടികള്‍ക്കായി പഠന മാസികകൾ വരുത്തി, സൗജന്യ വായനക്ക് നല്‍കുന്നുണ്ട്. രേഷ്മക്ക് കിട്ടുന്ന അലവന്‍സും അച്ഛെൻറ വരുമാനത്തിലെ മുഖ്യപങ്കും പുസ്തകങ്ങള്‍ക്കായി ചെലവിടുന്നു. പഞ്ചായത്തിലെ 'ലൈഫ്' പ്രോഗ്രാമിെൻറ ഭാഗമായി 6,000 രൂപ സമ്മാനം കിട്ടിയപ്പോള്‍ 4,000 രൂപക്കും പുസ്തകം വാങ്ങിയെന്ന് രേഷ്മ പറഞ്ഞു. വീട്ടിലേക്ക് വരാൻ കഴിയാത്തവര്‍ വിളിക്കുകയേ വേണ്ടൂ, പുസ്തകങ്ങളുമായി ലൈബ്രേറിയൻ സൈക്കിളിൽ പറന്നെത്തും. പെരിഞ്ഞനം സി.എച്ച്.സിയില്‍ ഒഴിവുസമയങ്ങളില്‍ സൗജന്യ സേവനം ചെയ്യുന്ന രേഷ്മക്ക് ലൈബ്രറി സയൻസിൽ ഡിപ്ലോമ എടുക്കണമെന്നാണ് ആഗ്രഹം. - മാലിക്ക് വീട്ടിക്കുന്ന് Kpm foto reshma library രേഷ്മ പുസ്തകങ്ങളോടൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.