അതിരില്ലാത്ത സൗഹൃദവാതിൽ തുറന്ന് ആകാശ ജാംബോരി

തൃശൂർ: മനസ്സ് സഞ്ചരിക്കുന്ന വേഗത്തിൽ ചിന്തയും ആശയങ്ങളും ലോകത്തി​െൻറ മറ്റൊരു വശത്ത് കാണാമറയത്തിരിക്കുന്ന കൂട്ടുകാരിലേക്ക് പകരുക...കുഞ്ഞുമനസ്സുകളെ വിസ്മയിപ്പിക്കുന്ന അതിരുകളില്ലാത്ത ആ ആത്ഭുതലോകത്തേക്ക് വാതിൽ തുറക്കുന്ന ആകാശ ജാംബോരിക്ക് തൃശൂർ പാലസ് റോഡിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആസ്ഥാനത്ത് തുടക്കമായി. ഹാം റേഡിയോ വഴി ലോകത്തി​െൻറ വിവിധ കോണുകളിൽ സേവന സന്നദ്ധരായി പ്രവർത്തിക്കുന്ന കുട്ടികളുമായി സംവദിക്കാൻ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്ക് അവസരമൊരുക്കുകയാണ് രണ്ട് ദിവസങ്ങളിലായി നടത്തുന്ന 'ജോട്ടാ ജോട്ടി' എന്ന് പേരിട്ട ആകാശ ജാംബോരിയിലൂടെ. പരിപാടിയുടെ ഉദ്ഘാടനം ക്രൈംബ്രാഞ്ച് അസി. കമീഷണർ ബാബു കെ. തോമസ് നിർവഹിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം കുട്ടികൾക്കാണ് തൃശൂരിൽ നിന്നും ഹാം റേഡിയോ വഴി ലോകമെമ്പാടുമുള്ള സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തകരുമായി ആശയവിനിമയത്തിന് അവസരമൊരുക്കിയത്. ലൈസൻസുള്ള അഞ്ച് ഹാം റേഡിയോ ഓപറേറ്റർമാരുടെ സഹായത്തോടെ സ്കൗട്ട് ആസ്ഥാനത്ത് ഹാം റേഡിയോ സജ്ജമാക്കിയാണ് പരിപാടി. സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന കമീഷണർ പ്രഫ. ഇ.യു. രാജൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.കെ. ശരത്കാന്ത്, സി.ഐ. തോമസ്, ഇ.ജി. അജിത്, വി.എസ്. ഡേവിഡ്, ജയ്പ്രശാന്ത്, പി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് 'ജോട്ടാ ജോട്ടി' നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.