കോർപറേഷന്​ ബി.എസ്​.എൻ.എൽ അടക്കേണ്ടത്​ 10 ലക്ഷം

തൃശൂർ: ബി.എസ്.എൻ.എൽ വസ്തു നികുതി ഇനത്തിൽ കോർപറേഷന് അടക്കാനുള്ളത് 10 ലക്ഷം. നിരവധി തവണ നോട്ടീസ് അയച്ചിട്ടും മുഖം തിരിഞ്ഞിരിക്കുന്ന ബി.എസ്.എൻ.എല്ലി​െൻറ നിഷേധാത്മക നിലപാടിനെതിരെ കോർപറേഷൻ നടപടിക്കൊരുങ്ങുന്നു. മൊബൈൽ ടവറുകളുടെ വസ്തു നികുതി ഇനത്തിലാണ് ബി.എസ്.എൻ.എൽ 10,79,366 രൂപ കോർപറേഷന് നൽകാനുള്ളത്. നഗരത്തിൽ വിവിധയിടങ്ങളിലായി 43 മൊബൈൽ ടവറുകളാണ് ബി.എസ്.എൻ.എല്ലിനുള്ളത്. 2011-12 മുതൽ 2017-18 വരെയുള്ള കാലാവധിയിലേതാണ് നികുതി തുക. നഗരസഭാ പരിധിയിൽ പുതിയ കേബിളിടൽ ബി.എസ്.എൻ.എൽ തുടങ്ങിയിരിക്കെ, ഇത് തടയാനാണ് കോർപറേഷൻ ആലോചിക്കുന്നത്. ബുധനാഴ്ച േചരുന്ന കൗൺസിൽ യോഗത്തിൽ ഇത് ചർച്ചക്ക് വരും. നേരത്തെ സൗജന്യ വൈഫൈ നഗരമാവുന്നതിന് റിലയൻസുമായി കോർപറേഷൻ കരാറിലേർപ്പെട്ടപ്പോൾ ബി.എസ്.എൻ.എല്ലുമായി സഹകരിക്കാത്തത് വിവാദമായിരുന്നു. എന്നാൽ ഇരു കൂട്ടരുമായുള്ള ചർച്ചയിൽ തങ്ങൾക്ക് കെട്ടിടങ്ങളിലെ നികുതി, വാടക, വൈദ്യുതി നിരക്കുകൾ ഒഴിവാക്കി നൽകണമെന്നതടക്കമുള്ള നിർദേശങ്ങളായിരുന്നു ഉപാധികളായി മുന്നോട്ടുവെച്ചിരുന്നത്. ഇതേത്തുടർന്ന് ബി.എസ്.എൻ.എല്ലിനെ മാറ്റി റിലയൻസുമായി വൈഫൈ പരിപാടികളിലേക്ക് കോർപറേഷൻ കടന്നു. വൈകാതെ തന്നെ കടുംപിടിത്തത്തിൽനിന്ന് പിന്മാറി, കോർപറേഷൻ നിബന്ധനകൾ അംഗീകരിച്ച് ബി.എസ്.എൻ.എൽ വൈഫൈ പദ്ധതിയോട് സഹകരിച്ചിരുന്നു. ഇതിലുള്ള രോഷമാണ് നികുതിയൊടുക്കാതിരിക്കുന്നതെന്ന ആക്ഷേപമാണ് കൗൺസിലിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.