എം.എൽ.എയുടെ ഉറപ്പ്​ പാഴായി; മുതുവറയിൽ പണി പാതിയിൽ നിലച്ചു

തൃശൂർ: തകർന്ന് അപകടാവസ്ഥയിലായ പുഴക്കൽ മുതൽ മുതുവറ വരെയുള്ള റോഡ് നവംബർ ഒന്നിനകം ഗതാഗതയോഗ്യമാക്കുമെന്ന അനിൽ അക്കര എം.എൽ.എയുടെ പ്രഖ്യാപനം പഴായി. പൊതുമരാമത്ത് വകുപ്പ് ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തി പാതിയിൽ നിലച്ചു. എം.എൽ.എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് മൂന്ന് കോടി െചലവിട്ട് ഇരു ഭാഗത്തും ടൈൽ വിരിച്ച് വെള്ളക്കെട്ട് ഒഴിവാക്കുമെന്നും കാനയും കൾവർട്ടും നിർമിക്കുമെന്നും പേരാമംഗലം മുതൽ പുഴക്കൽ വരെ തകർന്ന റോഡി​െൻറ അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്നുമാണ് പറഞ്ഞിരുന്നത്. ഇതിൽ ടൈൽ വിരിക്കൽ പൂർത്തിയാക്കി. കോൺക്രീറ്റ് ഉണങ്ങാൻ ഒരാഴ്ച വേണമെന്നും അതിനകം മറുഭാഗത്തും മറ്റിടങ്ങളിലും പ്രവൃത്തികൾ തുടങ്ങുമെന്നുമാണ് പറഞ്ഞത്. ഇതുണ്ടായില്ല. ഇതോടെ കോൺക്രീറ്റ് വിരിച്ച ഭാഗം തുറന്നു കൊടുക്കാതെ തന്നെ വാഹനങ്ങൾ ഓടിത്തുടങ്ങി. മോസ്കോ റോഡ് മുതൽ മുതുവറ വരെയുള്ള ഭാഗത്തെ കുഴികൾ നികത്തൽ തുടങ്ങിയിട്ടില്ല. ഇതിനിടെ ഇരുഭാഗവും റോഡ് കൂടുതൽ തകർന്നത് മുതുവറയിലും ശോഭ സിറ്റിക്ക് സമീപം പുഴക്കലിലും വാഹനങ്ങളുടെ കുരുക്ക് മുറുകി. പാലത്തിലെ ടാറിങ് ഇളകി കുഴികളായത് അപകടത്തിന് ഇടയാക്കുന്നുണ്ട്. രണ്ട് കോടി രൂപ ചെലവ് വരുന്ന പ്രവൃത്തികൾക്ക് അതിവേഗം ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചെന്നും അടിയന്തരമായി പണി പൂർത്തിയാക്കാൻ സർക്കാർ അംഗീകാരമുള്ള കോഴിക്കോട് കോൺട്രാക്ട് ലേബർ സൊസൈറ്റിക്ക് കൈമാറുമെന്നുമാണ് പറഞ്ഞതെങ്കിലും ഇക്കാര്യത്തിൽ നടപടിയായില്ല. മണ്ഡലകാലം ആരംഭിക്കുന്നതോടെ ഗുരുവായൂരിലേക്ക് തീർഥാടക പ്രവാഹമാകും. അതിന് മുമ്പ് തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയില്ലെങ്കിൽ സർവിസ് നിർത്തിവെക്കുമെന്ന് സ്വകാര്യ ബസുടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.