ഗുരുവായൂർ ദേവസ്വം: അടിയന്തര ആവശ്യങ്ങൾക്ക് ഡെപ്യൂട്ടി കലക്ടർക്ക് ചുമതല

ഗുരുവായൂർ: ദേവസ്വത്തിലെ ഭരണപ്രതിസന്ധി പരിഹരിക്കാൻ ഹൈകോടതി ഡെപ്യൂട്ടി കലക്ടറെ നിയോഗിച്ചു. അഡ്മിനിസ്ട്രേറ്റർ നിയമനവുമായി ബന്ധപ്പെട്ട തർക്കം മൂലം ദേവസ്വത്തിലും ക്ഷേത്രകാര്യങ്ങളിലുമുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് അടിയന്തര ആവശ്യങ്ങൾക്ക് ഡെപ്യൂട്ടി കലക്ടർ എം.വി. ഗിരീഷിനെ ചുമതലപ്പെടുത്തിയത്. മണ്ഡല മകരവിളക്ക്, ഏകാദശി, ചെമ്പൈ സംഗീതോത്സവം, കൃഷ്ണഗീതി ദിനാഘോഷം, മാനവേദ പുരസ്കാരം, ജീവനക്കാരുടെ ശമ്പളവും പെൻഷനും, ശുചീകരണ കാര്യങ്ങളിൽ നഗരസഭയുമായി സഹകരിക്കൽ എന്നീ കാര്യങ്ങൾക്കായാണ് ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തിയത്. നേരത്തെ ഭണ്ഡാരം എണ്ണുന്നതിനും ലോക്കറുകൾ കൈകാര്യം ചെയ്യുന്നതിനും സബ് കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഈ ചുമതലകൾ കൂടി ഡെപ്യൂട്ടി കലക്ടർ വഹിക്കും. അഡ്മിനിസ്ട്രേറ്റർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ വിധി ഉണ്ടാകും വരെയാണ് ഡെപ്യൂട്ടി കലക്ടർക്ക് ചുമതല. ഒരു മാസമായി അഡ്മിനിസ്ട്രേറ്റർ ഇല്ലാത്തതിനാൽ ജീവനക്കാരുടെ ശമ്പളം വരെ മുടങ്ങിയ അവസ്ഥയാണ്. ഭരണസമിതിയോഗം ചേരാനാവാത്തതിനാൽ ഏകാദശിയുടെയും ചെമ്പൈ സംഗീതോത്സവത്തി​െൻറയും ഒരുക്കങ്ങൾ ആരംഭിച്ചിട്ടില്ല. ശബരിമല സീസൺ ക്രമീകരണങ്ങളുടെ ഒരുക്കങ്ങളും അവതാളത്തിലാണ്. അഡ്മിനിസ്‌ട്രേറ്ററായിരുന്ന സി.സി. ശശിധര​െൻറ കാലാവധി സെപ്റ്റംബർ 30ന് പൂർത്തിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.