എ.ആർ ക്യാമ്പിൽ കടുത്ത നടപടികൾക്ക് കമീഷണർ

തൃശൂർ: ഉദ്യോഗസ്ഥ പീഡന പരാതികൾ തുടർക്കഥയായ എ.ആർ ക്യാമ്പിനെ അടിമുടി പരിഷ്കരിക്കാൻ കമീഷണർ. ഡെപ്യൂട്ടി കമാൻഡൻറ് എസ്. രാധാകൃഷ്ണൻ നായരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ ക്യാമ്പിലെ മറ്റ് ക്രമക്കേടുകൾ പരിശോധിക്കാനും അതിന് കൂട്ടുനിന്നവർക്കെതിെര നടപടിക്കും നീക്കം തുടങ്ങി. രാധാകൃഷ്ണൻ നായരുടെ ക്രമക്കേടുകൾക്ക് സൗകര്യമൊരുക്കിയ മൂന്ന് കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ നേതാക്കൾക്കെതിരെയും സി.പി.എം നിയന്ത്രണത്തിലുള്ള രണ്ട് പൊലീസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെയും കമീഷണറുടെ നിർദേശപ്രകാരം അന്വേഷണം തുടങ്ങി. ഉന്നത ബന്ധവും സ്വാധീനവും ഉണ്ടായിരുന്ന രാധാകൃഷ്ണൻ നായരുടെ അപ്രമാദിത്വം കാരണം ആരും പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് കുത്തഴിഞ്ഞ് കിടക്കുന്ന എ.ആർ ക്യാമ്പ് ശുദ്ധീകരിക്കാൻ നടപടി വേഗത്തിലാക്കിയത്. ക്യാമ്പിലെ കാൻറീൻ അടക്കമുള്ളവയുടെ പൊടിപിടിച്ച ഫയലുകൾ കമീഷണർ പരിശോധിച്ചു തുടങ്ങി. നേരത്തെ ആക്ഷേപമുയർന്നപ്പോൾ നടത്തിയ പരിശോധനയിൽ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. പൊലീസ് ക്വാർട്ടേഴ്സിൽ പീനൽ റ​െൻറ് ഇനത്തിൽ രണ്ട് ലക്ഷത്തോളവും മറ്റ് വിവിധ വിഭാഗത്തിലും വൻ തുക രാധാകൃഷ്ണൻ നായർ അടയ്ക്കാനുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കീഴ്ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഡെപ്യൂട്ടി കമാൻഡൻറ് രാധാകൃഷ്ണൻ നായർക്കെതിരെ വ്യാപക പരാതിയുയർന്നപ്പോൾ ഡ്യൂട്ടി നിർദേശിച്ചു നൽകുന്നത് കമീഷണർ നേരിട്ട് ഏറ്റെടുത്തിരുന്നു. എന്നാൽ ഇടക്കാലത്ത് ഇത് ഇല്ലാതായി. ഇത് വീണ്ടും ശക്തമാക്കാനാണ് നീക്കം. ജോലി പീഡനത്തെ തുടർന്ന് നിർബന്ധിത വിരമിക്കലിന് അപേക്ഷ നൽകിയ അസി. ഡെപ്യൂട്ടി കമാൻഡൻറിനെ പാലക്കാട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. ഇയാൾക്കെതിരെയും കമീഷണർ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയിരുന്നുവെന്നാണ് ഇയാൾക്കെതിരായ കണ്ടെത്തൽ. കാൻറീൻ പരിസരത്തുനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതിനെ തുടർന്ന് സഹായികെള തൃശൂർ റൂറലിലേക്ക് കമീഷണർ സ്ഥലം മാറ്റിയെങ്കിലും സി.പി.എം ആഭിമുഖ്യമുള്ള സംഘടനയുെട സമ്മർദം കാരണം സ്ഥലം മാറ്റം റദ്ദാക്കിയിരുന്നു. പുതിയ സാഹചര്യത്തിൽ ഇതും പുനഃപരിശോധിക്കുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.