ഗുരുവായൂർ: എല്ലാം ശരിയാക്കണമെങ്കിൽ ശരിയാംവണ്ണം പോകണമെന്ന് സി.എൻ. ജയദേവൻ എം.പി. നാട്ടിൽ മാറ്റം വന്നുവെന്ന് പ്രസംഗിച്ച് നടന്നിട്ട് മാത്രം കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂർ നഗരസഭയുടെ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോഴാണ് സർക്കാറിനെതിരെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെയും ജയദേവൻ ആഞ്ഞടിച്ചത്. താൻ ഏറ്റവും ഇഷ്ടപ്പെടുന്ന കമ്യൂണിസ്റ്റായ പിണറായി വിജയെന അദ്ദേഹത്തിെൻറ എല്ലാ പോരായ്മകളോടും ഉൾക്കൊള്ളുന്നുവെന്നും എന്നാൽ ഭരണം വ്യത്യസ്തമാണെന്നും ആമുഖമായി പറഞ്ഞാണ് സർക്കാറിനെതിരെ ഇടതുമുന്നണി എം.പി പൊതുവേദിയിൽ ആഞ്ഞടിച്ചത്. ‘ഒരു മേശപ്പുറത്ത് നിന്ന് ഒരു ഫയൽ അടുത്ത മേശപ്പുറത്തേക്ക് പോകണമെങ്കിൽ ചുരുങ്ങിയത് ആറുമാസം വേണം. അതിൽ തീരുമാനമായി വരണമെങ്കിൽ ഒരു വർഷത്തിലധികം വേണം’ -അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ മൂലം തനിക്കുണ്ടായ ദുരനുഭവങ്ങളും എം.പി പങ്കുവെച്ചു. ‘നാട്ടിലെ പാലത്തിന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രണ്ട് കോടി രൂപ കലക്ടർക്ക് കൈമാറി. എന്നാൽ, ഈ വർഷം മാർച്ചിലാണ് പാലത്തിന് തുക അനുവദിച്ചത്. തൃശൂരിലെ സ്കൂളുകൾക്ക് സ്മാർട്ട് ക്ലാസ് റൂമിനും കമ്പ്യൂട്ടറിനുമായി ഒരു വർഷം മുമ്പ് അനുവദിച്ച 75 ലക്ഷം രൂപ കലക്ടർ കൈമാറിയത് രണ്ട് ദിവസം മുമ്പാണ്. ഈ കാലതാമസത്തിന് കാരണം ഉദ്യോഗസ്ഥരാണ്. ഭൂരിപക്ഷം ഉദ്യോഗസ്ഥരും ഇടതുപക്ഷ യൂനിയനിലാണ്’-അദ്ദേഹം പറഞ്ഞു. യൂനിയൻ മാത്രം പോര ഇടതുപക്ഷ ആദർശവും വേണം. കൈക്കൂലി വാങ്ങി പോക്കറ്റിലിട്ട് ഇടതുപക്ഷ സംഘടനകൾക്ക് മുദ്രാവാക്യം വിളിച്ചാൽ പോര. അപേക്ഷ കിട്ടിയാൽ മൂന്ന് മാസം കൊണ്ടെങ്കിലും തീരുമാനമുണ്ടാകുന്ന അവസ്ഥവേണം. ഗുരുവായൂരിെൻറ തലവേദനയായ റെയിൽവേ മേൽപാലം യാഥാർഥ്യമാകാത്തത് സംസ്ഥാന സർക്കാറിെൻറ മെല്ലെപ്പോക്ക് മൂലമാണ്. ഇപ്പോഴത്തെ സർക്കാറിെൻറ ഭാഗമാണെങ്കിലും പരസ്യവിമർശനമായി തന്നെയാണ് താൻ ഇക്കാര്യം ഉന്നയിക്കുന്നത്. പാലത്തിനുള്ള കേന്ദ്ര വിഹിതം നേരത്തെ മാറ്റിവെച്ചതാണ്. അപ്രോച്ച് റോഡിന് സ്ഥലം എടുക്കേണ്ടതും റോഡ് നിർമിക്കേണ്ടതും പാലം നിർമിക്കേണ്ടതും സംസ്ഥാന സർക്കാറാണ്. എന്നാൽ ഇക്കാര്യത്തിൽ നടപടിയുണ്ടാകുന്നില്ല. ഉദ്ഘാടനങ്ങൾക്കും കല്ലിടലിനും പോയി ഫോട്ടോയെടുത്ത് ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഇടുന്ന കൂട്ടത്തിൽ താൻ ഉൾപ്പെടുന്നില്ലെന്ന് ജയദേവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.