തൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗത്തിന് വിവിധ സ്ഥാപനങ്ങളുടെ കുടിശ്ശിക 12.6 കോടി. വൈദ്യുതി വിതരണത്തിന് സംസ്ഥാനത്ത് അധികാരമുള്ള ഏക തദ്ദേശസ്ഥാപനമായ കോർപറേഷൻ വൈദ്യുതി വിഭാഗം ലാഭത്തിലാണെങ്കിലും കുടിശ്ശിക കാര്യത്തിൽ മുന്നിലാണ്. പലിശയിളവോടെ കുടിശ്ശിക തീർക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുകയാണ് കോർപറേഷൻ. കോർപറേഷെൻറ ഉടമസ്ഥതയിലുള്ള ജനറൽ ആശുപത്രിയും സർക്കാർ സ്ഥാപനങ്ങളായ വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും കുടിശ്ശികക്കാരാണെങ്കിലും ബാർ ഹോട്ടലും ആശുപത്രിയും അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളാണ് മുന്നിൽ. അടച്ചുപൂട്ടിയ കൊക്കാലെയിലെ സിദ്ധാർഥ റീജൻസി, വെസ്റ്റ്ഫോർട്ട് ആശുപത്രി തുടങ്ങിയവരാണ് കുടിശ്ശികയിലെ വമ്പന്മാർ. 36,000ത്തോളം ഉപഭോക്താക്കളാണ് വൈദ്യുതി വിഭാഗത്തിനുള്ളത്. ഇതിൽ 3,550 പേർ കുടിശ്ശികക്കാരാണ്. 2001വരെയുള്ള കാലത്തെ കുടിശ്ശിക 3.6 കോടിയും 2001 മുതൽ ഇതുവരെ 2147 പേരുടെത് 8.84 കോടിയുമാണ്. 110 ഹൈടെൻഷൻ വൈദ്യുതി കണക്ഷനുള്ളതിൽ ഒരാൾ മാത്രമാണ് കുടിശ്ശിക വരുത്തിയത്. വെസ്റ്റ്ഫോർട്ട് ആശുപത്രി 19 ലക്ഷം, സിദ്ധാർഥ റീജൻസി 34 ലക്ഷം, സ്കൈലോഡ് 20 ലക്ഷം എന്നിങ്ങനെയാണ് വൻകിടക്കാരുടെ കുടിശ്ശിക. ഭരണച്ചുമതല കോർപറേഷൻ ഏറ്റെടുത്ത ജനറൽ ആശുപത്രി 20 ലക്ഷം രൂപയോളം അടക്കാനുണ്ട്. ജലവിതരണ ഇനത്തിൽ കോർപറേഷനിൽനിന്ന് കോടികൾ കരമായി വാങ്ങുന്ന വാട്ടർ അതോറിറ്റി വൈദ്യുതി ഇനത്തിൽ നൽകേണ്ട തുക കുടിശ്ശിക വരുത്തിയിരിക്കുകയാണ്. അസംസ്കൃത വസ്തുക്കളില്ലാതെ ലേ ഓഫ് നേരിടുന്ന സീതാറാം മിൽ പോലും അടിസ്ഥാന തുക ഒടുക്കുേമ്പാഴാണ് വമ്പന്മാർ കുടിശ്ശിക വരുത്തുന്നത്. പല സ്ഥാപനങ്ങളും കോടതിയിൽനിന്ന് സ്റ്റേ സമ്പാദിച്ചാണ് കുടിശ്ശിക തുടരുന്നത്. അറുന്നൂറോളം കേസുകൾ വിവിധ കോടതികളിലുണ്ട്. ശനിയാഴ്ച 10ന് കൗൺസിൽ ഹാളിൽ നടക്കുന്ന അദാലത്തിൽ പങ്കെടുക്കുന്നവർക്ക് പലിശയിനത്തിൽ ഇളവുകളോടെ കുടിശ്ശിക പിരിച്ചെടുക്കുന്നതിലുള്ള നിയമനടപടികളിൽനിന്ന് ഒഴിവാകാം. നിലവിൽ പ്രവർത്തിക്കാത്ത പല സ്ഥാപനങ്ങളും കുടിശ്ശിക പട്ടികയിലുണ്ട്. ഇതെല്ലാം ചർച്ച ചെയ്ത് അവസാനിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതടക്കമുള്ള വിവിധ വൈദ്യുതോൽപാദന പദ്ധതികൾ ആലോചനയിലാണ്. സോളാർ പ്ലാൻറിൽ നിന്നുള്ള വൈദ്യുതോൽപാദനം വിജയകരമാണെന്നും മേയർ അജിത ജയരാജനും ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.