തൃശൂർ: കാളത്തോട് ബിവറേജസ് കോർപറേഷെൻറ മദ്യശാലക്കെതിരായ സമരം 50 ദിവസം പിന്നിട്ടു. സുപ്രീംകോടതി വിധിപ്രകാരം സംസ്ഥാന, ദേശീയ പാതകളുടെ 500 മീറ്റർ ചുറ്റളവിൽ മദ്യശാല പാടില്ലെന്നിരിക്കെ കാളത്തോട് അനധികൃതമായാണ് മദ്യശാല പ്രവർത്തിക്കുന്നതെന്ന് സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രദേശത്ത് സാമൂഹിക ദ്രോഹികളുടേയും വഴിവാണിഭക്കാരുടേയും ശല്യം കാരണം ജനജീവിതം ദുസ്സഹമാണ്. ഏപ്രിൽ 24ന് ആരംഭിച്ച മദ്യശാല മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.എസ്. സുനിൽകുമാർ, മേയർ അജിത ജയരാജൻ, കലക്ടർ, എക്സൈസ് കമീഷണർ, ഡെപ്യൂട്ടി കമീഷണർ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. കാര്യങ്ങൾ പരിശോധിച്ച് മൂന്നാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ബന്ധപ്പെട്ടവർക്ക് ഹൈകോടതി നിർദേശം കൊടുത്തെങ്കിലും അതിന്മേലും നടപടി ഉണ്ടായിട്ടില്ല. പ്രദേശത്ത് വാഹനാപകടം വർധിച്ചിട്ടുണ്ട്. സമരം ശക്തമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജനകീയ സമരസമിതി നേതാക്കളായ ടി. പത്മനാഭൻ, ടി.വി. തോമസ്, പി.കെ. ഹസൻകുട്ടി, മദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറി സി.സി. സാജൻ, കൺവീനർ ജിജോ ജോക്കബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.