ട്രോളിങ് നിരോധനം: തീരത്ത്​ വറുതിക്കാലം

ചാവക്കാട്: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ മുനക്കക്കടവ് ഹാര്‍ബറിലെ 500 ഓളം ബോട്ടുകളിലെയും 1000 ഓളം അനുബന്ധ തൊഴിലാളികള്‍ക്കും ഇനി വറുതിയുടെ ദിനരാത്രങ്ങൾ. വല നിറയെ ചെമ്മീൻ ലഭിച്ചുകൊണ്ടിരിക്കെയാണ് മത്സ്യബന്ധന നിരോധനമെത്തിയത്. കടങ്ങളിൽ നിന്നുള്ള മോചനം പ്രതീക്ഷിച്ച തൊഴിലാളികൾ ആഹ്ലാദത്തിലായിരുന്നു. റമാദാൻ ്വ്രതാനുഷ്ഠാന കാലവും പെരുന്നാളും ട്രോളിങ് നിരോധന കാലത്തായത് ആശങ്കയിലാക്കി. പല ഭാഗങ്ങളിലും ചെമ്മീൻ ചാകരയായപ്പോൾ കടൽക്ഷോഭമുണ്ടായതിനാൽ ദിവസങ്ങളായി മുനക്കക്കടവിൽ ബോട്ടുകളിറക്കാൻ കഴിഞ്ഞില്ല. മത്സ്യ ബന്ധന നിരോധന കാലം കണക്കിലെടുത്ത് തമിഴ്‌നാട്ടുകാരുടെയും തെക്കന്‍ ജില്ലക്കാരുടെയും ഉടമസ്ഥയിലുള്ള 100 ഓളം ബോട്ടുകള്‍ നാട്ടിലേക്ക് പോയി. നാട്ടുകാരുടെ ഉടമസ്ഥതയിലുള്ള ചില ബോട്ടുകള്‍ അറ്റകുറ്റപ്പണിക്കായി കരയിലേക്ക് കയറ്റി. ഹാര്‍ബറില്‍ മത്സ്യം കയറ്റിയിറക്കാന്‍ വിവിധ യൂനിയനുകളിലായി 80 തൊഴിലാളികളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ നേരിയതോതില്‍ ചെമ്മീന്‍ ലഭിച്ചത് പലര്‍ക്കും ആശ്വസമായിരുന്നു. ട്രോളിങ് നിരോധനം പരമ്പരാഗത വള്ളക്കാര്‍ക്ക് ബാധകമല്ലെങ്കിലും ഈ വിഭാഗക്കാര്‍ മുനക്കക്കടവ് ഹാര്‍ബറില്‍ മീനുമായെത്താറില്ല. അതിനാൽ കയറ്റിറക്ക തൊഴിലാളികള്‍ക്ക് ഒന്നരമാസം ജോലി ഇല്ലാതാകും. പലരും പട്ടിണിയകറ്റാന്‍ മറ്റു തൊഴിലുകളിലേക്ക് തിരിയലാണ് പതിവ്. ബോട്ടുകള്‍ക്കും വലകൾക്കും അറ്റകുറ്റപ്പണി നടത്താനും പെയിൻറടിക്കാനുമാണ് ട്രോളിങ് നിരോധനകാലം ബോട്ടുടമകള്‍ ശ്രമിക്കാറ്. മൂന്ന് വര്‍ഷമായി മത്സ്യം മുമ്പത്തെ പോലെ കാര്യമായി ലഭിച്ചിരുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ട്രോളിങ് നിരോധന കാലത്ത് ലൈലാൻറ് എൻജിനുകള്‍ ഘടിപ്പിച്ച വലിയ വള്ളക്കാര്‍ മീന്‍ പിടിക്കാന്‍ കടലിലിറങ്ങുന്നതില്‍ പരമ്പരാഗത വള്ളക്കാര്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്. എന്നാൽ പരമ്പരാഗത വള്ളക്കാരില്‍ തങ്ങളുമുണ്ടെന്നാണ് ലൈലാൻഡ് വള്ളക്കാരുടെ വാദം. സമീപ കാലത്തായി ഇക്കൂട്ടർക്ക് നല്ല തോതിലാണ് ചെമ്മീൻ ലഭിച്ചുകൊണ്ടിരിക്കുന്നത്. മുൻ വര്‍ഷങ്ങളിലും ട്രോളിങ് നിരോധന കാലത്ത് ഇവര്‍ക്ക് തടസ്സങ്ങളുണ്ടായിട്ടില്ല. ചാവക്കാട്, തിരുവത്ര, എടക്കഴിയൂര്‍ മേഖലയിലെ എട്ടെണ്ണമുള്‍പ്പെടെ ചേറ്റുവ അഴിമുഖത്ത് 50 ഓളം ലൈലാൻഡ് വള്ളങ്ങളാണ് തമ്പടിച്ചിട്ടുള്ളത്. ഇക്കുറിയും മീന്‍ പിടിക്കാനിറങ്ങുമെന്ന് ലൈലാൻഡ് വള്ളങ്ങളുടെ ഉടമകള്‍ വ്യക്തമാക്കി. ട്രോളിങ് നിരോധന കാലത്ത് തൊഴിലില്ലാതെ പ്രയാസമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് മുനക്കക്കടവ് ഹാര്‍ബറിലെ തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റി പ്രസിഡൻറ് പി.എ. സിദ്ധി മുനക്കക്കടവ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.